വക്കം ആതുരശുശ്രൂഷാ രംഗം നവീകരിച്ചു : വി.എം.സുധീരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ആതുര ശുശ്രൂഷാ രംഗം നവീകരിച്ച മികച്ച ഭരണാധികാരിയായിരുന്നു വക്കം പുരുഷോത്തമനെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരത്ത് സ്ഥാപിച്ചത് വക്കത്തിന്റെ നിർണായക ഇടപെടലിനെ തുടർന്നാണ്. സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കിയതും വക്കം ആരോഗ്യമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്ന് സുധീരൻ ചൂണ്ടിക്കാട്ടി.
വക്കം പുരുഷോത്തമന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ക്യാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോയുടെ (ക്രാബ്) നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. വക്കം ദീർഘവീക്ഷണത്തോടെ ക്യാൻസർ ചികിത്സാരംഗത്ത് കൊണ്ടുവന്ന സംവിധാനങ്ങളാണ് ഇപ്പോൾ ഈ രോഗം വ്യാപകമായി വർദ്ധിക്കുമ്പോഴും ചികിത്സ ഉറപ്പാക്കുന്നതിന് സഹായകമായിട്ടുള്ളത്. മെഡിക്കൽ കോളേജുകളെ റഫറൽ ആശുപത്രികളാക്കിയതും വക്കമായിരുന്നു. കാഴ്ചപ്പാടുകളിൽ നിന്ന് വ്യതിചലിച്ചുള്ള ഒരു കാര്യത്തിനും അദ്ദേഹം തയ്യാറായിട്ടില്ലെന്നും സുധീരൻ പറഞ്ഞു.
ക്രാബ് പ്രസിഡന്റ് ഡോ.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി ഡോ.എ.സമ്പത്ത്, ഡോ.ഷാജി പ്രഭാകരൻ, എസ്.സുരേഷ് കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കേരളകൗമുദി ഡയറക്‌ടർ ശൈലജ രവി, അഡ്വ.വക്കം മനോജ്, ശ്യാംകൃഷ്ണൻ, ക്രാബ് സെക്രട്ടറി സജ്ജി കരുണാകരൻ,ആർ.സുഗതൻ, നജീബ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.