ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയുടെ പഴയ കെട്ടിടം തകർന്നു വീണു: തലനാരിഴക്ക് രക്ഷപ്പെട്ട് വൈദികൻ

Friday 01 August 2025 12:17 AM IST
ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൗണ്ടിലുള്ള പഴയ ഇരുനില കെട്ടിടം തകർന്ന നിലയിൽ

തലശ്ശേരി: ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൗണ്ടിലുള്ള പഴയ ഇരുനില കെട്ടിടം തകർന്ന് വീണു. പള്ളിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഓഫീസുകളും വൈദികരുടെ വിശ്രമമുറികളുമുള്ള കെട്ടിടമാണ് രാവിലെ 8.45 ഓടെ ഇടിഞ്ഞു വീണത്. മുകൾ നിലയിലെ മുറിയിലുണ്ടായ ഫാദർ ജോസഫ് കൊറ്റിയത്ത് അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. . പ്രഭാത ഭക്ഷണം കഴിച്ച ശേഷം വൈദികൻ ജോസഫ് കൊറ്റിയത്ത് മുറിയിൽ വിശ്രമിക്കുകയായിരുന്നു. അസാധാരണ ശബ്ദം കേട്ടു പുറത്തിറങ്ങിയപ്പോൾ മുകളിൽ നിന്നും ഓടിളകി വീണു. ചുമരും, ശുചിമുറിയും കൺവെട്ടത്ത് തകർന്നു വീണു. പെട്ടെന്നു തന്നെ പിറകോട്ട് മാറാനായതിനാൽ അപകടത്തിൽ പെട്ടില്ലെന്ന് ഫാദർ ജോസഫ് കൊറ്റിയത്ത് പറഞ്ഞു.

ചെറുപുഴ മടക്കാംപൊയിൽ സ്വദേശിയായ ഫാദർ രണ്ട് മാസം മുൻപാണ് ചാലിൽ പള്ളിയിൽ ചുമതലയേറ്റത്. മുകൾ നിലയിലെ ശുചി മുറിയടക്കം തകർന്ന് കല്ലും മണ്ണും താഴെ വീണതോടെ അടിയിലുള്ള സ്റ്റോർ മുറി, ജെ.ജെ. ലൈറ്റ് ആൻഡ് സൗണ്ട് മുറി, തൊട്ടടുത്ത മതിൽ എന്നിവ തകർന്നു അവശിഷ്ടങ്ങൾ റോഡിലേക്ക് പതിച്ചു.

സ്‌കൂൾ പ്രവൃത്തി സമയം

അല്ലാതിരുന്നത് തുണയായി

സെന്റ് പീറ്റേഴ്സ് സ്‌കൂൾ ഉൾപ്പെടെ ചർച്ച് കോംപൗണ്ടിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂൾ പ്രവൃത്തി സമയമല്ലാത്തതിനാൽ മറ്റ് അപകടങ്ങൾ സംഭവിച്ചില്ല. വിവരമറിഞ്ഞ് പരിസരവാസികളും നാട്ടുകാരും പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം നടത്തി. സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ, നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി, വൈസ് ചെയർമാൻ എം.വി.ജയരാജൻ, വാർഡ് അംഗം ഐറിൻ സ്റ്റീഫൻ, സമീപ വാർഡുകളിലെ കൗൺസിലർമാർ, വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.