ആനകൾക്ക് അത്യാധുനിക ചികിത്സാ കേന്ദ്രം വേണം

Friday 01 August 2025 12:19 AM IST

തൃശൂർ: കേരളത്തിൽ ആനകൾക്ക് അത്യാധുനിക ചികിത്സാകേന്ദ്രം ആരംഭിക്കണമെന്ന് കൂട്ടുകൊമ്പൻമാർ സംഘടനയുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്തിലെ വൻതാരയിൽ നടന്ന ദേശീയ ഗജസേവക് സമ്മേളനത്തിൽ പങ്കെടുത്താണ് തങ്ങൾ ഇത്തരം ആവശ്യകത മനസിലാക്കിയതെന്ന് സുജിത് തിരിയാട്ട്, കെ.പി.പ്രശാന്ത്, വി.ആർ.അനന്തകൃഷ്ണൻ എന്നിവർ പറഞ്ഞു. ആനകളെ പരിപാലിക്കുന്ന ദേവസ്വങ്ങളിലെയും ആനകളുടെ ഉടമസ്ഥരെയും വൻതാരയിൽ ആനകളെ പരിപാലിക്കുന്ന രീതിയും ആശുപത്രി സൗകര്യവും പരിചയപ്പടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. കൂടുതൽ നാട്ടാനകൾ ഉള്ളത് കേരളത്തിലാണ്. ഇവിടെ മികച്ച ഡോക്ടർമാരുണ്ടെങ്കിലും അത്യാധുനിക ചികിത്സാ സൗകര്യം കുറവാണ്. അതിന് പരിഹാരമുണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൂട്ടുകൊമ്പൻമാർ സംഘടനയുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു.