ധർമ്മസ്ഥലയിൽ തെരച്ചിൽ: മൂന്നാംദിനത്തിൽ അസ്ഥികൾ കണ്ടെത്തി
ധർമ്മസ്ഥല (കർണാടക): ധർമ്മസ്ഥല നേത്രാവതി പുഴയോരത്തെ സ്നാനഘട്ടത്തിൽ മൂന്നാം ദിവസമായ ഇന്നലെ നടന്ന തെരച്ചിലിൽ നിർണായക വഴിത്തിരിവ്. ശുചീകരണ തൊഴിലാളിയായ സാക്ഷി പറഞ്ഞതനുസരിച്ച് അടയാളപ്പെടുത്തിയ ആറാമത്തെ പോയിന്റിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയടക്കമുള്ള അസ്ഥികൾ കണ്ടെത്തി. രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്.
ഇതിൽ കണ്ടെത്തിയത്. തലയോട്ടി പുരുഷന്റേതാണ്. അസ്ഥികൂടം കണ്ടെത്തിയ ഭാഗങ്ങളിൽ ഡോഗ് സ്‌കോഡും പരിശോധന നടത്തി. അതേസമയം,തെരച്ചിലിന്റെ രണ്ടാം ദിവസം ലക്ഷ്മി എന്ന പേരിലുള്ള എ.ടി.എം കാർഡും ചുവപ്പ് നിറത്തിലുള്ള ബ്ലൗസിന്റെ ഭാഗങ്ങളും പുരുഷന്റെ ആധാർ കാർഡും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസ്ഥികൾ ഇന്നലെ കണ്ടെത്തിയത്. ഇത് ഫോറൻസിക് പരിശോധനക്ക് അയക്കും. എസ്.ഐ.ടിയ്‌ക്കൊപ്പം വനം,റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഹിറ്റാച്ചി എക്സ്‌കവേറ്റർ പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. അതേസമയം,നേത്രാവതി തീരത്തെ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും എസ്.എ.ടി സംഘം ഇന്നലെ വൈകിട്ട് 6.30വരെ തെരച്ചിൽ നടത്തി.
1995 മുതൽ സത്രീകൾ ഉൾപ്പെടെയുള്ള നൂറോളം പേരുടെ മൃതദേഹങ്ങൾ കാട്ടിനുള്ളിൽ കുഴിച്ചിട്ടുണ്ടെന്നാണ് മുൻ ശുചീകരണ തൊഴിലാളി എസ്.ഐ.ടി സംഘത്തിന് നൽകിയ മൊഴി.
കൂടുതൽ മൃതദേഹങ്ങൾ ഏഴ്, എട്ട് പോയിന്റുകളിൽ
മൂന്ന് മുതൽ എട്ട് വരെ പോയിന്റുകളിൽ കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ. ഇതിനാൽ ഏഴിലും എട്ടിലും നടത്തുന്ന തെരച്ചിൽ കേസന്വേഷണത്തിൽ നിർണായകമാകും. ഏഴ് സ്ഥലങ്ങൾ ഇനിയും കുഴിക്കാനുണ്ട്. ഒമ്പതാം പോയിന്റ് മുതൽ കൃത്യമായ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തുമെന്ന് സാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു.
മംഗളൂരുവിൽ ഹെല്പ് ഡെസ്‌ക്ക്
തെരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കെ പ്രത്യേക അന്വേഷണ സംഘം മംഗളൂരുവിൽ ഹെല്പ് ഡെസ്‌ക്ക് ആരംഭിച്ചു. കാണാതായവരെ കുറിച്ച് എസ്.ഐ.ടി ഓഫീസിലെത്തി രഹസ്യ വിവരങ്ങൾ കൈമാറണം. ഭീഷണിയെ തുടർന്ന് ധർമ്മസ്ഥലയിലെത്തി വിവരങ്ങൾ കൈമാറാൻ പരാതിക്കാർ മടിക്കുന്നതിനാലാണ് മംഗളൂരുവിൽ ഓഫീസ് തുറന്നത്.
സത്യമേവ ജയതേ: മഞ്ജുനാഥ
അസ്ഥികൂടങ്ങളും തലയോട്ടിയും കണ്ടെത്തിയതോടെ 'സത്യമേവ ജയതേ...'എന്നാണ് ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയുടെ അഭിഭാഷകൻ മഞ്ചുനാഥ പ്രതികരിച്ചത്. പെൺകുട്ടിയുടെ ദുരൂഹമരണത്തിന് ശേഷം ധർമ്മസ്ഥലയിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ അഭിഭാഷകനായ മഞ്ചുനാഥാണ് തുടക്കം മുതൽ പരാതി നൽകാനും കോടതിയിലെത്തിക്കാനും മുന്നിട്ടിറങ്ങിയത്.