പുതിയ അംഗം രണ്ടിന് ചുമതലയേൽക്കും

Friday 01 August 2025 12:22 AM IST

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ പുതിയ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ.സുരേഷ്ബാബു ആഗസ്റ്റ് രണ്ടിന് രാവിലെ 11ന് ബോർഡ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. ദേവസ്വം സെക്രട്ടറി പി.ബിന്ദു സത്യവാചകം ചൊല്ലിക്കൊടുക്കും. സുരേഷ്ബാബു എറണാകുളം കുമ്പളങ്ങി സ്വദേശിയാണ്. പട്ടികജാതി ക്ഷേമസമിതിയുടെ ജില്ലാ സെക്രട്ടറിയാണ്. കുമ്പളങ്ങി പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. സി.പി.എം പള്ളുരുത്തി ഏരിയാ കമ്മിറ്റി അംഗവും, സി.ഐ.ടി.യു കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ഏരിയ സെക്രട്ടറിയാണ്. പരേതനായ ഇല്ലിക്കൽ കോലോത്തറ കൃഷ്ണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ ഉഷ (കേരള ബാങ്ക്). മക്കൾ: അഖിൽ കൃഷ്ണ, ഡോ. അഞ്ജനകൃഷ്ണ.