മലേഗാവ് കേസിൽ പ്രഗ്യ അടക്കം എല്ലാ പ്രതികളും കുറ്റവിമുക്തർ #പ്രോസിക്യൂഷന് രൂക്ഷ വിമർശനം # ശക്തമായ തെളിവുകൾ ശേഖരിച്ചില്ല # അപ്പീൽ നൽകാൻ  ഇരകളുടെ ബന്ധുക്കൾ

Friday 01 August 2025 1:01 AM IST

ന്യൂഡൽഹി: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ 2008ലെ മലേഗാവ് ബോംബ് സ്‌ഫോടന കേസിൽ ബി.ജെ.പി നേതാവും മുൻ എം.പിയുമായ പ്രഗ്യാസിംഗ് താക്കൂ‌ർ ഉൾപ്പെടെ ഏഴു പ്രതികളെയും മുംബയിലെ എൻ.ഐ.ഐ പ്രത്യേക കോടതി വെറുതെവിട്ടു.

യു.എ.പി.എ, ആയുധ നിയമം തുടങ്ങിയ എല്ലാ കുറ്റങ്ങളും ഒഴിവാക്കി. ശക്തമായ തെളിവുകൾ ഇല്ലാത്ത കേസിൽ, സംശയങ്ങളെയും ഊഹാപോഹങ്ങളെയുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചതെന്ന് കോടതി കണ്ടെത്തി. ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ധാർമ്മികത, പൊതുധാരണ എന്നിവ മുൻനിർത്തി വിധി പ്രഖ്യാപനം അസാദ്ധ്യമെന്ന് സ്‌പെഷ്യൽ ജഡ്‌ജി

എ.കെ. ലാഹോട്ടി വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മഹാരാഷ്ട്ര സർക്കാർ കൈമാറണമെന്ന് ഉത്തരവിട്ടു. വിധി ചോദ്യംചെയ്‌ത് ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരകളുടെ ബന്ധുക്കൾ പ്രതികരിച്ചു. വിധി പഠിച്ചശേഷം അപ്പീലിന്റെ കാര്യം തീരുമാനിക്കുമെന്ന് എൻ.ഐ. എ അറിയിച്ചു.

2008 സെപ്‌തംബർ 29ന് മലെഗാവിലെ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു ബോംബ് സ്‌ഫോടനം. ബൈക്കിൽ കെട്ടിവച്ചിരുന്ന ബോംബ് ഉഗ്രശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആറുപേർ കൊല്ലപ്പെട്ടു. 100ൽപ്പരം പേർക്ക് പരിക്കേറ്റെന്നാണ് കണക്ക്.

``ഭീകരതയ്‌ക്ക് മതമില്ല. കാരണം ഒരു മതവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.``

-എ.കെ. ലാഹോട്ടി,

സ്‌പെഷ്യൽ ജഡ്‌ജി

 കുറ്റവിമുക്തർ

1. പ്രഗ്യാ സിംഗ് താക്കൂർ

2. ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്

3. റിട്ടയേർഡ് മേജർ രമേഷ് ഉപാദ്ധ്യായ

4. അജയ് രഹിർകർ

5. സുധാകർ ദ്വിവേദി

6. സുധാകർ ചതുർവേദി

7. സമീർ കുൽക്കർണി

ഒന്നിനും തെളിവില്ലാതെ

പ്രോസിക്യൂഷൻ

1. സ്‌ഫോടനം നടത്താൻ ഉപയോഗിച്ചുവെന്ന് പറയുന്ന ബൈക്ക് പ്രഗ്യയുടേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല

2. ആരാണ് ബൈക്ക് പാർക്ക് ചെയ്‌തത് എന്നതിൽ വ്യക്തതയില്ല

3. 101 പേർക്കല്ല 95 പേർക്കാണ് പരിക്കേറ്റത്. മെഡിക്കൽ രേഖകളിൽ തിരിമറി നടന്നു.

4. സ്‌ഫോടനത്തിന് രണ്ടു വർഷം മുൻപ് തന്നെ പ്രഗ്യ സന്യാസിനിയായി മാറിയിരുന്നു

5. ആർ.ഡി.എക്‌സ് സൂക്ഷിച്ചിരുന്നത് ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതിന്റെ വീട്ടിലായിരുന്നു എന്നതിന് തെളിവില്ല

6. പ്രസാദ് പുരോഹിത് സ്‌ഫോടകവസ്‌തു വാങ്ങിയതിനും തെളിവില്ല

7. സ്‌ഫോടകവസ്‌തു സൂക്ഷിച്ചിരുന്നുവെന്ന് പറയുന്ന മുറിയുടെ സ്‌കെച്ച് ഹാജരാക്കിയില്ല

8. പ്രഗ്യാ സിംഗും പ്രസാദ് പുരോഹിതും ചേർന്ന് രൂപീകരിച്ച അഭിനവ് ഭാരത് സംഘടനയുടെ ഫണ്ട് ഭീകരപ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നതിന് തെളിവില്ല