യു.എസ് അധിക തീരുവ: രാജ്യതാത്‌പര്യം സംരക്ഷിക്കും

Friday 01 August 2025 1:17 AM IST

ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യു.എസ് 25 ശതമാനം കയറ്റുമതി തീരുവ പ്രഖ്യാപിച്ചതിന്റെ പ്രത്യാഘാതങ്ങൾ പരിശോധിക്കുകയാണെന്നും, ദേശീയ താൽപ്പര്യം സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ പ്രസ്‌താവിച്ചു.

സാഹചര്യം വിലയിരുത്തി കയറ്റുമതിക്കാർ, വ്യവസായികൾ, ഉൾപ്പെടെ എല്ലാ പങ്കാളികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.2047ലെ വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ സമഗ്രവും സ്ഥിരതയുള്ളതുമായ വികസനത്തിനുള്ള യാത്ര തുടരും. കഴിഞ്ഞ ദശാബ്ദത്തിനുള്ളിൽ, ഇന്ത്യ മോശം അവസ്ഥയിൽ നിന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. ഇന്ന് ലോകത്തിലെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.യു.എ.ഇ, യു.കെ, ആസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളുമായി പരസ്പര പ്രയോജനകരമായ വ്യാപാര കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായും സമാനമായ വ്യാപാര കരാറുകളുണ്ടാക്കും.

യു.എസ് അധിക തീരുവ പ്രഖ്യാപിച്ചത് വാണിജ്യ മേഖലയിൽ ആശങ്കയുണ്ടാക്കുകയും പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളിലും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും ചെയ്‌തതോടെയാണ് പിയൂഷ് ഗോയലിന്റെ പ്രസ്‌താവന.