കോൺ. മാപ്പുപറയണം: ബി.ജെ.പി

Friday 01 August 2025 1:25 AM IST

ന്യൂഡൽഹി: മലേഗാവ് ബോംബ് സ്‌ഫോടനക്കേസിൽ ബി.ജെ.പി നേതാവും മുൻ എം.പിയുമായ പ്രഗ്യാ സിംഗ് താക്കൂ‌ർ ഉൾപ്പെടെ ഏഴു പ്രതികളെയും വെറുതെവിട്ടതിനു പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി മുഖ്യമന്ത്രിമാരും നേതാക്കളും രംഗത്തെത്തി. വോട്ടുബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കേസെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു. കോൺഗ്രസ് ഹിന്ദു സമൂഹത്തോടും,കോടതി വെറുതെ വിട്ടവരോടും മാപ്പു പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആവശ്യപ്പെട്ടു. കാവി ഭീകരതയെന്ന പ്രചാരണം പൊളിഞ്ഞെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ പറഞ്ഞു.

കോൺഗ്രസ് രാജ്യത്തോട് മാപ്പുപറയണമെന്ന് ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു. വിധി അറിഞ്ഞ് മുതിർന്ന ബി.ജെ.പി നേതാവ് ഉമാ ഭാരതി പൊട്ടിക്കരഞ്ഞു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിലധികം വേദന പ്രഗ്യ സഹിച്ചുവെന്ന് കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ആരോപണങ്ങൾ കോൺഗ്രസ് തള്ളി.

മതത്തെ ലക്ഷ്യമിട്ടുള്ള

ആക്രമണം

മുസ്ലിം പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ ആറു വിശ്വാസികളാണ് കൊല്ലപ്പെട്ടതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിൻ ഒവൈസി പ്രതികരിച്ചു. മതത്തെയാണ് ലക്ഷ്യമിട്ടത്. 2006ലെ മുംബയ് ട്രെയിൻ സ്‌ഫോടന പരമ്പരക്കേസ് പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അതിവേഗം അപ്പീൽ സമർപ്പിച്ചിരുന്നു. അതുപോലെ ഈ കേസിലും അപ്പീൽ നൽകുമോയെന്ന് ഒവൈസി ആരാഞ്ഞു.