തുറന്ന വായനയുമായി 'അക്ഷരപ്പുര' special

Friday 01 August 2025 3:18 AM IST

തിരുവനന്തപുരം: 24 മണിക്കൂറും പുസ്തകങ്ങൾ ലഭിക്കുന്ന ഗ്രന്ഥശാല. ലൈബ്രേറിയനുമില്ല. പറഞ്ഞുവരുന്നത് വലിയശാലയിലെ അക്ഷരപ്പുരയെ കുറിച്ചാണ്.റോഡരികിൽ ഒരു സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റീൽ പെട്ടിക്കുള്ളിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.ഇതിൽനിന്ന് പുസ്തകമെടുക്കുന്നതിന് ഫീസ് നൽകി അംഗത്വം എടുക്കേണ്ട ആവശ്യവുമില്ല.പുസ്തകം തിരികെ നൽകാൻ വൈകിയാൽ പിഴയും വേണ്ട.പെട്ടിക്കുള്ളിൽ തന്നെ ഒരു രജിസ്റ്ററുണ്ട്. വായനക്കാരന് അതിൽ പുസ്തകത്തിന്റെ വിശദാംശവും മേൽവിലാസവും രേഖപ്പെടുത്തി പുസ്തകം എടുക്കാം.14 ദിവസത്തിനകം തിരികെ എത്തിക്കുകയോ പുതുക്കി എടുക്കുകയോ ചെയ്യണം. ബസ് കാത്തിരിക്കുന്നവർക്കും പ്രദേശവാസികൾക്കുമെല്ലാം പുസ്തകമെടുത്ത് വായിക്കുന്നതിൽ തടസമില്ല.

വലിയശാലയിലെയും പരിസര പ്രദേശങ്ങളിലുമുള്ള യുവാക്കൾ അംഗങ്ങളായ 'വലിയശാല ബ്രദേഴ്സ്' എന്ന ക്ളബാണ് 2020ൽ തുറന്ന വായനശാല ആരംഭിച്ചത്. ആദ്യനാളുകളിൽ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവ‌ർത്തിച്ചിരുന്ന വായനശാലയ്ക്ക് ഇപ്പോൾ സമയനിയന്ത്രണമില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള 'ലിറ്റിൽ ഫ്രീ ലൈബ്രറി'എന്ന പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നിലവിലെ ലൈബ്രറി സംവിധാനത്തോട് ഇടകലർത്തിയാണ് ഈ ലൈബ്രറിയുടെ ആരംഭം.

പുസ്തകം സംഭാവനയായി കിട്ടാറുണ്ട്.കൂടുതൽ പഴയ പുസ്തകങ്ങളാണ് ഇവിടേക്കെത്തുന്നത്. ലൈബ്രറിയിലേക്കെത്തുന്ന പുസ്തകങ്ങളിൽ വർഗീയച്ചുവയുള്ള പുസ്തകങ്ങൾ ഉണ്ടാകില്ലെന്ന് ക്ളബിലെ അംഗങ്ങൾ ഉറപ്പുവരുത്തും.

ഒരു സോഷ്യൽ മൂവ്മെന്റിന്റെ ഭാഗമായാണ് ഞങ്ങൾ 'അക്ഷരമുറ്റം' ആരംഭിച്ചത്. ഇവിടെ നിന്നും പുസ്തകമെടുക്കുന്നവരിൽ അധികവും വീട്ടമ്മമാരും കുട്ടികളുമാണ്.വായനശാലകൾ കൂടുതൽ ജനകീയമാകണം.

ജിതിൻ,വലിയശാല ബ്രദേഴ്സ്

ക്ളബ് സെക്രട്ടറി