പാലസ്‌തീനെ അംഗീകരിക്കാൻ കാനഡ
ഒട്ടാവ: ഫ്രാൻസിനും യു.കെയ്ക്കും പിന്നാലെ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള നീക്കവുമായി കാനഡ. സെപ്‌തംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ പാലസ്തീനെ അംഗീകരിക്കാനാണ് ആലോചിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. ഇതേ യു.എൻ യോഗത്തിൽ പാലസ്തീനെ അംഗീകരിച്ചേക്കുമെന്നാണ് ഫ്രാൻസും യു.കെയും അറിയിച്ചിട്ടുള്ളത്.
ഗാസയിൽ വെടിനിറുത്തലിന് ധാരണയിലെത്താത്തതും പട്ടിണി മരണങ്ങൾ ഉയരുന്നതും കണക്കിലെടുത്താണ് തീരുമാനം. ഇസ്രയേലിന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് യൂറോപ്യൻ രാജ്യങ്ങളുടെയും കാനഡയുടെയും നീക്കം.
അതേസമയം, പാലസ്തീനെ പ്രതിനിധീകരിക്കുന്ന പാലസ്തീനിയൻ അതോറിറ്റിയുടെ ആവർത്തിച്ചുള്ള ഉറപ്പുകൾ മുൻനിറുത്തിയാണ് അംഗീകാരം നൽകുന്നതെന്ന് കാർണി പറഞ്ഞു. തങ്ങളുടെ ഭരണം പരിഷ്കരിക്കുമെന്നും ഹമാസിനെ മാറ്റിനിറുത്തി 2026ൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും അതോറിറ്റി ഉറപ്പ് നൽകിയെന്ന് കാർണി പറയുന്നു. കാനഡയുടെ നീക്കത്തെ എതിർത്ത് ഇസ്രയേലും യു.എസും രംഗത്തെത്തി. ഗാസയുടെ ഭാഗങ്ങൾ രാജ്യത്തോട് കൂട്ടിച്ചേർക്കാൻ മടിക്കില്ലെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
യു.എസിലേക്കുള്ള കനേഡിയൻ ഇറക്കുമതിക്ക് 35 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഗാസ വിഷയത്തിൽ ചർച്ച നടത്തി.
അതേ സമയം, ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്നലെ മാത്രം 30ലേറെ പേർ കൊല്ലപ്പെട്ടു. പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 90 കുട്ടികൾ അടക്കം 159 ആയി. ഇതുവരെ 60,240ലേറെ പാലസ്തീനികളാണ് ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.