'വാഷിംഗ് മെഷീനിൽ തൊട്ടാൽ അടി, പലചരക്ക് സാധനങ്ങൾ നൗഫലിന്റെ വീട്ടിലെത്തിക്കണം; മകൾക്ക് നൽകിയ 2000 രൂപവരെ തട്ടിയെടുത്തു'
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഭർതൃഗൃഹത്തിൽ 23കാരി ഫസീല ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹ സമയത്ത് ഫസീലയ്‌ക്ക് പതിനാറ് പവന്റെ സ്വർണം നൽകിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. എന്നാൽ കൂടുതൽ പണം ചോദിച്ച് ഭർത്താവ് നൗഫലും കുടുംബവും യുവതിയെ മർദിച്ചു. ഭർത്താവിന്റെ വീട്ടിലെ ചുമരിൽ തൊടാൻ പോലും ഫസീലയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. വാഷിംഗ് മെഷീനിൽ തൊട്ടാൽ അടിക്കുമായിരുന്നുവെന്നും ബന്ധുക്കൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്‌ക്ക് താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പിൽ അബ്‌ദുൾ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മൂന്നുമാസം കൂടുമ്പോൾ അരിയും സാധനങ്ങളും ദമ്പതികൾ നൗഫലിന്റെ വീട്ടിലെത്തിച്ചിരുന്നു. ഫസീലയ്ക്ക് ഇടയ്ക്ക് രണ്ടായിരം രൂപ കൊടുക്കാറുണ്ടായിരുന്നു. എന്നാൽ ഇതുപോലും നൗഫൽ കൈക്കലാക്കുമെന്നും രക്ഷിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ നൗഫലിനെയും (29) ഇയാളുടെ മാതാവ് റംലത്തിനെയും (55) നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണക്കുറ്റം എന്നിവയടക്കമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ടാമത് ഗർഭിണിയായതിന്റെ പേരിൽ യുവതിയെ ഇവർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. യുവതിയുടെ അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
ഫസീലയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. യുവതി രണ്ടാമതും ഗർഭിണിയായിരുന്നു എന്ന വിവരം മരിക്കാൻ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്.