അൻസിൽ വിവാഹിതൻ, പെൺസുഹൃത്ത് വിളിച്ചതുപ്രകാരം അർദ്ധരാത്രി വീട്ടിലെത്തി; ഒടുവിൽ വിഷം ഉള്ളിൽച്ചെന്ന് മരണം
കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അൻസിൽ വിവാഹിതനാണ്. മക്കളുമുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലവുമുണ്ടെന്നാണ് വിവരം. അൻസിലിന്റെ ബന്ധുകൂടിയാണ് സുഹൃത്തായ മുപ്പതുകാരി. ഇരുവരും തമ്മിൽ ദീർഘനാളുകളായി അടുപ്പത്തിലായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ പെൺസുഹൃത്തിന്റെ വീട്ടിൽവച്ചാണ് വിഷം അൻസിലിന്റെ ഉള്ളിലെത്തിയത്. അവശനായ അൻസിലിനെ സുഹൃത്താണ് ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം.
പെൺസുഹൃത്ത് വീട്ടിൽവിളിച്ചുവരുത്തി വിഷം നൽകിയതാണെന്ന് യുവാവ് ആംബുലൻസിൽവച്ച് സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് യുവാവിനെ കൊണ്ടുപോയത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയാണ് അൻസിൽ മരിച്ചത്.
യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തേക്കും. യുവതിയുടെ വീട്ടിൽ നിന്ന് വിഷക്കുപ്പി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതെവിടെ നിന്നാണ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അൻസിലിൽ നിന്ന് യുവതിക്ക് ചില ദുരനുഭവങ്ങൾ ഉണ്ടായിരുന്നെന്നാണ് വിവരം.