പാകിസ്ഥാന് തലോടൽ, പത്ത് ശതമാനം നികുതി കുറച്ചുകൊടുത്ത് ട്രംപ്, ഇന്ത്യയ്‌ക്ക് തീരുവ 25 ശതമാനം

Friday 01 August 2025 11:31 AM IST

വാഷിംഗ്‌ടൺ: വിവിധ രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തുന്ന നികുതി തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിവിധ രാജ്യങ്ങൾക്ക് 10 മുതൽ 41 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയുള്ള എക്‌സിക്യൂട്ടീവ് ഉത്തരവാണ് വെള്ളിയാഴ്‌ച പുറത്തിറങ്ങിയത്. ഏഴ് ദിവസത്തിനകം പുതിയ നികുതി തീരുവ നിലവിൽ വരും. പാകിസ്ഥാന് 10 ശതമാനം നികുതി കുറയുമ്പോൾ ഇന്ത്യയ്‌ക്ക് 25 ശതമാനം തന്നെയാണ് തീരുവ.

സിറിയയ്ക്ക് 41 ശതമാനം തീരുവ ചുമത്തിയപ്പോൾ കാനഡയ്‌ക്ക് ചുമത്തിയത് 35 ശതമാനമാണ്. അതേസമയം ബ്രസീലിനാകട്ടെ 50 ശതമാനമാണ് തീരുവ. ഇന്ത്യയ്‌ക്ക് 25 ശതമാനവും തായ്‌വാന് 20 ശതമാനവും നികുതി ചുമത്തിയപ്പോൾ 39 ശതമാനമാണ് സ്വിറ്റ്‌സർലാന്റിന് നികുതി. പാകിസ്ഥാന്റെ ഇറക്കുമതി തീരുവ 29 ശതമാനത്തിൽ നിന്ന് 19 ആയി കുറച്ചു. യൂറോപ്യൻ യൂണിയനും ജപ്പാനും അടക്കമുള്ള വ്യാപാര പങ്കാളികളുമായുള്ള കരാറുകൾക്ക് പുറമേയാണിത്. പുറത്തിറക്കിയ പട്ടികയിലില്ലാത്ത മറ്റെല്ലാ രാജ്യങ്ങൾക്കും 10 ശതമാനമായിരിക്കും വ്യാപാര തീരുവ ചുമത്തുക.

മറ്റ് ചില രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അമേരിക്കയുമായി സാമ്പത്തിക-ദേശീയ സുരക്ഷാ കാര്യങ്ങളിൽ മതിയായ യോജിപ്പിലെത്തിയിട്ടില്ലെന്നും പ്രസിഡന്റ് ട്രംപ് വ്യ‌ക്തമാക്കുന്നു. വടക്കേ അമേരിക്കൻ വ്യാപാര ഉടമ്പടി പ്രകാരം മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുളള വസ്‌തുക്കൾക്ക് ഇപ്പോഴും ഇളവ് നിലവിലുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 25 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്ന കാനഡയ്‌ക്ക് പുതിയ കരാറനുസരിച്ച് 35 ശതമാനമാണ് തീരുവ.

മെക്‌സിക്കോയിൽ നിന്നുള്ള മെക്‌സിക്കൻ സ്‌റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവയ്‌ക്ക് ട്രംപ് 50 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചത്.അതേസമയം മറ്റ് ചില വിഭാഗങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 25 ശതമാനമാണ് തീരുവ. ഇന്ത്യയുടെ അയൽരാജ്യങ്ങളായ അഫ്‌ഗാന് 15 ശതമാനവും ബംഗ്ളാദേശിന് 20 ശതമാനവും കംബോഡിയയ്‌ക്ക് 19 ശതമാനവും ആണ് അമേരിക്ക ചുമത്തിയ ഇറക്കുമതി തീരുവ.