സാമ്പത്തിക തട്ടിപ്പ് കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ കീഴടങ്ങി
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ കീഴടങ്ങി. പ്രതികളായ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ദിയ കൃഷ്ണയുടെ "ഓ ബൈ ഓസി" എന്ന സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വിനീതയേയും രാധകുമാരിയേയും കൂടാതെ കേസിൽ ദിവ്യ എന്നൊരു യുവതിയും പ്രതിയാണ്. ക്യൂ ആർ കോഡിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതികൾ കുറ്റം സമ്മതിക്കുന്ന വീഡിയോ മുമ്പ് ദിയ പുറത്തുവിട്ടിരുന്നു.
അതിനുപിന്നാലെ സ്ഥാപനത്തിലെ ജീവനക്കാർ പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ദിയ പരാതി നൽകുകയായിരുന്നു. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാർ 10 മാസക്കാലയളവിൽ 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്ന് ആരോപിച്ചായിരുന്നു മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.
ഈ പരാതി വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ജീവനക്കാരെ തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് തെളിയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പരാതിക്കാരെ തട്ടിക്കൊണ്ടുപോയതായി പറയുന്നതല്ലാതെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.