'എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഗായകൻ'; അമേരിക്കയിലെത്തി ഗാനഗന്ധർവ്വനെ നേരിൽ കണ്ട് എ ആർ റഹ്മാൻ

Friday 01 August 2025 2:48 PM IST

ഗാനഗന്ധർവൻ യേശുദാസിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. അമേരിക്കയിലുള്ള യേശുദാസിന്റെ ഡലാസിലെ വസതിയിലെത്തിയാണ് റഹ്മാൻ ഗായകനെ കണ്ടുമുട്ടിയത്. ഇൻസ്റ്റാഗ്രാമിൽ യേശുദാസിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.

'എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഗായകനെ അദ്ദേഹത്തിന്റെ ഡാലസിലെ വീട്ടിൽ വച്ച് കണ്ടുമുട്ടി. യേശുദാസ് അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങളിലും ഇന്ത്യൻ (കർണാടക) സംഗീതത്തോടുള്ള സ്നേഹത്തിലും ഞാൻ അത്ഭുതപ്പെട്ടു. !!'- എ ആർ റഹ്മാൻ കുറിച്ചു.

നടി അമലാപോൾ, ഗായിക ഹർഷ്ദീപ് കൌർ ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ കമുന്റുമായി എത്തിയത്. ഹാർട്സ്, മില്ല്യൻ ഡോളർ സമൈൽസ് തുടങ്ങിയ വിശേഷണങ്ങളാണ് താരങ്ങൾ ഇരുവരുടെയും ഫോട്ടോയ്ക്ക് നൽകിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഗാനഗന്ധർവ്വൻ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസിക്കുന്നത്. കോവിഡിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു വന്നിട്ടില്ല.

യുഎസിലെ 15-ലധികം നഗരങ്ങളിൽ നടക്കുന്ന എ ആർ റഹ്മാന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പര്യടനമായ ദി വണ്ടർമെന്റ് ടൂറിന് വേണ്ടി അദ്ദേഹം ഇപ്പോൾ വടക്കേ അമേരിക്കയിലാണുള്ളത്.