വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

Friday 01 August 2025 3:04 PM IST

ബംഗളൂരു: വീട്ടുജോലിക്കാരി നൽകിയ പീഡനപരാതിയിൽ ജെഡിഎസ് (ജനതാദൾ സെക്കുലാർ) മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. രേവണ്ണയ്‌ക്കുള്ള ശിക്ഷ നാളെ വിധിക്കും. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസിൽ ആദ്യത്തെ കേസാണിത്.

പ്രജ്വലിന്റെ ഹസനിലെ ഫാം ഹൗസിലെ ജോലിക്കാരിയായ 48കാരി നൽകിയ പരാതിയാണ് കോടതി ഇപ്പോൾ പരിഗണിച്ചത്. രണ്ട് തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ഉൾപ്പെടെ 26 തെളിവുകൾ കോടതി നേരത്തേ പരിശോധിച്ചിരുന്നു. പ്രജ്വൽ നിരവധി സ്‌ത്രീകളെ ലൈംഗികമായ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞ ലോക‌്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഹസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയായിരുന്നു പ്രജ്വൽ. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രജ്വൽ വിദേശത്തേക്ക് കടന്നു. തിരിച്ചുവന്നപ്പോൾ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞ വർഷം മേയ് 31നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. തിരഞ്ഞെടുപ്പിൽ പ്രജ്വൽ 40,000ത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്‌തു.