ദൈവങ്ങളുടെ രൂപങ്ങൾ വെറുതേ വീട്ടിൽ വയ്ക്കരുതേ, ചെയ്യേണ്ടത് ഇപ്രകാരം മാത്രം
ഇഷ്ടദൈവങ്ങളുടെ രൂപങ്ങൾ പലരും വീടിനുള്ളിൽ വയ്ക്കാറുണ്ട്. ഇതിൽ കൂടുതലായി കാണുന്നത് ഗണപതി വിഗ്രഹമാണ്. എന്നാൽ തോന്നുംപോലെ ഇവ വച്ചാൽ പ്രശ്നങ്ങൾ വിടാതെ പിന്തുടരും എന്ന് അറിയുക. ഗണപതി വിഗ്രഹം വയ്ക്കാൻ ഏറ്റവും ഉചിതമായ ദിശ വടക്കുകിഴക്കേ മൂലയാണ്.കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലും വിഗ്രഹങ്ങൾ വയ്ക്കാം. വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായി ഗണപതി വിഗ്രഹങ്ങൾ വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തെക്കുഭാഗത്തും ഗണപതിയെ വയ്ക്കരുത്.
വീടുനുള്ളിൽ വയ്ക്കുന്ന വിഗ്രഹത്തിന്റെ രൂപവും നിറവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇരിക്കുന്ന ഗണപതി വിഗ്രഹം വച്ചാൽ ആ വീട്ടിൽ ശാന്തതയും സാധാനവും കളിയാടുമെന്നാണ് വിശ്വാസം. ചാരിയിരിക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണെങ്കിൽ ധനം, ആഡംബരം, സുഖം എന്നിവ നൽകും. പച്ചനിറത്തിലുളള വിഗ്രഹമാണെങ്കിൽ വീടിന് ഐശ്വര്യത്തെ നൽകും. വെള്ള നിറത്തിലുള്ളതാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങളെ ഇല്ലാതാക്കും. പണം സൂക്ഷിക്കുന്നിടത്ത് വെള്ളനിറത്തിലുള്ള വിഗ്രഹമാണ് ഏറ്റവും യോജിച്ചത്. വാസ്തുശാസ്ത്രമനുസരിച്ച് ഇടതുവശത്തേക്ക് തിരിഞ്ഞ തുമ്പിക്കൈയുള്ള വിഗ്രഹമാണ് വീട്ടിൽ വയ്ക്കാൻ ഏറ്റവും നല്ലത്.
കിടപ്പുമുറിയിൽ വിഗ്രഹങ്ങൾ ഒരുകാരണവശാലും വയ്ക്കരുത്. രണ്ട് പാദങ്ങളും നിലത്ത് തൊടുന്നു എന്ന് ഉറപ്പുള്ള വിഗ്രഹങ്ങൾ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കളിമണ്ണ്, തടി, വെള്ളി, പിച്ചള എന്നിവകൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളാണ് വീട്ടിൽ വയ്ക്കാൻ ഏറ്റവും നല്ലത്. ഒരുപാട് വിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്. ഒരെണ്ണം മാത്രം സൂക്ഷിക്കുന്നതാണ് നല്ലത്.