വിഗ്രഹം ഇല്ലാത്ത ഹിന്ദു ക്ഷേത്രം, ഇവിടെ ശിവന്‌ വാഹനമായ നന്ദികേശനുമില്ല

Friday 01 August 2025 4:09 PM IST

വിഗ്രഹം ഇല്ലാത്ത ശിവക്ഷേത്രം മാത്രമല്ല തമിഴ് ശൈവകവി മാണിക്യവസകർക്ക് ശിവൻ ദിവ്യോപദേശം കൊടുത്ത സ്ഥലം ഇതെല്ലാമാണ് ആത്മനാഥസ്വാമി ക്ഷേത്രം. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈയിലുള്ള ഈ ക്ഷേത്രത്തിന് അസാമാന്യമായ ശിൽപഭംഗിയുണ്ട്.

രൂപമില്ലാത്ത ശിവന് ഇവിടെ ആത്മനാഥർ എന്നാണ് വിളിപ്പേര്. പാർവ്വതി ദേവിക്കാകട്ടെ ആവുടയാർ എന്നും. ദേവീദേവന്മാരുടെ പാദങ്ങളാണ് ക്ഷേത്രത്തിൽ പൂജിക്കുന്നത്. ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ചതാണ് ക്ഷേത്രം. ഒൻപതാം നൂറ്റാണ്ടിനടുത്ത് മാണിക്യവസകറാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ദക്ഷിണ ദിക്കിലേക്ക് തിരിഞ്ഞ് ദക്ഷിണാമൂർത്തിയായാണ് ശിവൻ കുടികൊള്ളുന്നത്. പത്ത് ഏക്കറുകളിലായി മൂന്ന് നടകളുള്ള ക്ഷേത്രമാണിത്.

ശിവ വാഹനമായ നന്ദികേശന്റെ പ്രതിഷ്‌ഠ ഇല്ലാത്ത ക്ഷേത്രമാണിത്. ഇതിന് ആത്മീയമായ കാരണവുമുണ്ട്. വിഗ്രഹാരാധന ഹിന്ദുക്കൾക്ക് പതിവാണെങ്കിലും ആരാധനാ രീതി വികസിക്കുന്നതോടെ വിഗ്രഹങ്ങളല്ല എല്ലാം ബ്രഹ്‌മമാണ് എന്ന ചിന്ത ഉണ്ടാകുന്നു. ഈ ചിന്ത കുറിക്കുന്നതാണ് ഇവിടുത്തെ രീതി. ശ്രീകോവിലിൽ അഞ്ച് വിളക്കുകൾ അഞ്ച് സമയക്രമത്തെ സൂചിപ്പിക്കുന്നു. ഇവിടെത്തന്നെയുള്ള മറ്റ് 27 വിളക്കുകൾ 27 നക്ഷത്രങ്ങളെ കുറിക്കുന്നവയാണ്.

ക്ഷേത്രം മാണിക്യവസകർ സ്ഥാപിക്കാനിടയായ കഥ ഇങ്ങനെയാണ്: വരഗുണ പാണ്ഡ്യൻ എന്ന രാജാവിന്റെ പ്രധാന മന്ത്രിയായിരുന്നു മാണിക്യവസകർ. ഒരിക്കൽ രാജാവ് പടക്കുതിരകളെ വാങ്ങാൻ അദ്ദേഹത്തിന് പണം നൽകി. എന്നാൽ കുതിരകൾക്ക് പകരം മാണിക്യവസകർ‌ ക്ഷേത്രം നിർ‌മ്മിച്ചു. കുതിരകളെ തരികയോ അല്ലെങ്കിൽ പണം നൽകുകയോ വേണമെന്ന് രാജാവ് ആവശ്യപ്പെട്ടു. ഇതോടെ ശിവൻ പ്രത്യക്ഷപ്പെട്ട് കുറുനരികളെ കുതിരയാക്കി മാണിക്യവസകർക്ക് നൽകി. അദ്ദേഹം അത് രാജാവിന് നൽകി. അതോടെ കുതിരകൾ വീണ്ടും കുറുനരികളായി. പരമഭക്തനായ മാണിക്യവസകർക്കാണ് ഇവിടെ ദേവൻ പ്രാധാന്യം നൽകുന്നത്.

ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ശേഷം നിരവധി പരിഷ്‌കാരങ്ങൾ ക്ഷേത്രത്തിൽ നടത്തിയിട്ടുണ്ട്. 15, 16 നൂറ്റാണ്ടുകളിൽ നിർമ്മിച്ചവയാണ് ഇന്നത്തെ പല നിർമ്മിതികളും. ആയിരം കൽമണ്ഡപം ഇത്തരത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. ജൂൺ-ജൂലായ് മാസത്തിൽ തിരുമഞ്ജനം എന്ന ഉത്സവവും ഡിസംബർ-ജനുവരി മാസത്തിലെ തിരുവാതീരൈ മഹോത്സവവുമാണ് ക്ഷേത്രത്തിൽ ആഘോഷിക്കാറുള്ളത്.