വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ 12കാരി ഗർഭിണി; പീഡിപ്പിച്ചത് 72കാരൻ, സംഭവം കോഴിക്കോട്ട്

Friday 01 August 2025 4:52 PM IST

കോഴിക്കോട്: 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. താമരശേരിയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗ‌ർഭിണിയാണെന്ന വിവരം അറിഞ്ഞത്.

പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 72കാരനെ കസ്റ്റഡിയിലെടുത്ത് ഡിഎൻഎ പരിശോധനയ്‌‌ക്ക് വിധേയനാക്കി. ഡിഎൻഎ ഫലം പോസിറ്റീവായതോടെയാണ് ഇയാളുടെ അറസ്റ്ര് രേഖപ്പെടുത്തിയത്.

കഴിഞ്ഞ മേയ് 15നായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്‌ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പ്രതിയുടെ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പെൺകുട്ടി കളിക്കാൻ വരുമായിരുന്നു. ഇടയ്‌ക്കിടെ വെള്ളം കുടിക്കാനായി വീട്ടിലും എത്താറുണ്ട്. ഈ അവസരത്തിലാണ് പീഡനം നടന്നത്. ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് വിവരം. പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകുന്നതിനാൽ വീട്ടിൽ പകൽ സമയം ആരും ഉണ്ടാകാറില്ല. ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞതാണ്.