മെഡിക്കൽ കോളേജിൽ രോഗികൾക്ക് കൂട്ട് ദുരിതം

Saturday 02 August 2025 12:45 AM IST

കോട്ടയം : അന്യജില്ലകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരാധീനതകൾ മാത്രം. പുതിയ കെട്ടിടസമുച്ചയങ്ങളും, നൂതന സംവിധാനങ്ങളുമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ അകലെയാണ്. ഏറെ തിരക്കുള്ള ഗൈനക്കോളജി വിഭാഗത്തിലെ കെട്ടിടം മഴ പെയ്താൽ ചോർന്നൊലിക്കും. ഫാർമസി പ്രവർത്തിക്കുന്ന നടുത്തളത്തിന് മുകളിലിട്ടിരിക്കുന്ന ഷീറ്റ് പൊട്ടിയതാണ് കാരണം. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ടൈലിട്ട തറയിൽ ആളുകൾ തെന്നിവീഴാൻ സാദ്ധ്യതയേറെയാണ്. വെള്ളം ഫാർമസിയുടെ മുകളിലേക്കും വീഴുന്നുണ്ട്. ഇത് മരുന്നുകൾ കേടാകാൻ ഇടയാക്കും. മഴ ശമിച്ചാലുടൻ റൂഫ് ഇടുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

വാർക്കപ്പാളി അടർന്ന് ആശുപത്രി രണ്ടാംവാർഡിന് സമീപത്തെ ഇ.സി.ജി മുറിയിലെ വാർക്കപ്പാളി കഴിഞ്ഞ ദിവസമാണ് അടർന്നു വീണത്. രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. വാർഡിൽ കിടക്കുന്ന രോഗികളുടെ ഇ.സി.ജി എടുക്കാൻ പോയതിനാൽ ഇവർ രക്ഷപ്പെട്ടു. ഈ ഭാഗത്തെ കമ്പിയെല്ലാം തുരുമ്പിച്ച നിലയിലാണ്. തുടർന്ന് ഇ.സി.ജി മുറി പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി.

ചുമന്ന് കൊണ്ടുപോകണം ഒ.പി വിഭാഗത്തിൽ ട്രോളി, വീൽച്ചെയർ എന്നിവയുടെ അഭാവം രോഗികളെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുകയാണ്. കൈകാൽ ഒടിഞ്ഞും ശാരീരിക അവശതകളുള്ളവരെയും ചുമന്ന് കൊണ്ടുപോകേണ്ട ഗതികേടാണ്. ആംബുലൻസിലോ മറ്റു വാഹനത്തിലോ എത്തുന്നവരെ ഒ.പിയിൽ യഥാസമയം എത്തിക്കാനാകുന്നില്ല. ഏറെ നേരം ഒ.പിയുടെ മുന്നിൽ വാഹനത്തിൽ ഇരിക്കണം. 25 ഓളം ട്രോളിയും, വീൽച്ചെയറുമാണുള്ളത്.

''സാധാരണക്കാരുടെ ആശ്രയമാണ് മെഡി.കോളേജ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. പരിഹാരം കാണേണ്ട വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരാണ് ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും.

-കൂട്ടിരിപ്പുകാർ