പള്ളിമുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമല്ലേ, ഇപ്പൊ ശരിയാക്കിത്തരാം...

Saturday 02 August 2025 4:00 AM IST

തിരുവനന്തപുരം: ശരിയാക്കാമെന്ന പതിവ് പല്ലവിയല്ലാതെ പേട്ട പള്ളിമുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദയനീയാവസ്ഥയ്‌ക്ക് ഇതുവരെയും മാറ്റമില്ല. കനത്ത മഴയിലും വെയിലിലും യാത്രക്കാർ കുടയുമായി നിൽക്കേണ്ട അവസ്ഥയാണ്.

അവശേഷിക്കുന്ന ദ്രവിച്ച ഷീറ്റുകൾ ഏതുനിമിഷവും തകർന്നുവീഴുമെന്ന ആശങ്കയുമുണ്ട്. അപകട ഭീഷണിയെക്കുറിച്ച് പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. സ്‌മാർട്ട്‌ സിറ്റിയെന്ന് പറയുമ്പോഴും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇത്തരം വീഴ്‌ചയുണ്ടാകരുതെന്നാണ് യാത്രക്കാർ പറയുന്നത്.

പ്രതിദിനം നൂറുകണക്കിന് ആളുകൾ ഇവിടെ ബസ് കാത്തുനിൽക്കാറുണ്ട്. മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2013-15 കാലത്ത് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 10 വർഷത്തിന് ശേഷവും കാര്യമായ പുനർനിർമ്മാണം നടത്തിയിട്ടില്ല.

ഇരിപ്പിടത്തിന്റെ ' സിസ്റ്റം ശരിയല്ല '

മേൽക്കൂരയില്ലാത്ത കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങളും വിചിത്രമാണ്. നാല് സ്റ്റീൽ കമ്പികളാണ് ഇവിടെയുള്ളത്. പ്രായമായവരും രോഗികളും ഇതുകാരണം ബുദ്ധിമുട്ടുകയാണ്. തറയിലുള്ള കുഴികളും അപകടം വിളിച്ചുവരുത്തുന്നു.

കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണത്തിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച നിവേദനം ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്ക് നൽകിയിട്ടുണ്ട്. -

സി.എസ്.സുജാദേവി (വാർഡ് കൗൺസിലർ )