അദീനയ്ക്ക് നിരവധി യുവാക്കളുമായി ബന്ധം, അന്‍സിലിനെ തീര്‍ത്തത് ജയിലില്‍ നിന്നിറങ്ങുന്ന പുതിയ കാമുകന് വേണ്ടി

Friday 01 August 2025 9:14 PM IST

കൊച്ചി: കോതമംഗലം മാതിരപ്പള്ളിയില്‍ ആണ്‍സുഹൃത്തിനെ യുവതി കീടനാശിനി കൊടുത്ത് കൊലപ്പെടുത്തിയത് മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ. മേലേത്തുമാല്‍ സ്വദേശി അന്‍സിലുമായി അദീന അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കവും നിലനിന്നിരുന്നുവെന്നാണ് വിവരം. അന്‍സിലിനെ ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയ പാരക്വിറ്റ് എന്ന അതേ കീടനാശിനിയാണ് അദീന അന്‍സിലിന് നല്‍കിയത്. എന്നാല്‍ എന്തില്‍ കലര്‍ത്തിയാണ് ഇത് നല്‍കിയതെന്ന് വ്യക്തമല്ല. ചേലാടുള്ള കടയില്‍ നിന്നാണ് കളനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.അന്‍സില്‍ ഉള്‍പ്പെടെ നിരവധി യുവാക്കളുമായി അദീനയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന അദീനയെ കാണാന്‍ അവരുടെ വീട്ടില്‍ എത്തുകയും തങ്ങുകയും ചെയ്യുമായിരുന്നു അന്‍സില്‍.

അടുത്തിടെയാണ് മറ്റൊരു യുവാവുമായി അദീന അടുപ്പത്തിലായത്. ഇയാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. അടുത്ത് തന്നെ അയാള്‍ പുറത്തിറങ്ങും. ഈ ബന്ധത്തിന് ഒരു തടസ്സമാകാതിരിക്കാനാണ് അന്‍സിലിനെ അദീന കൊലപ്പെടുത്തിയത്. അന്‍സിലിനെ ഇക്കഴിഞ്ഞ മുപ്പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം നല്‍കുകയായിരുന്നു. അന്‍സില്‍ ഒരിക്കല്‍ വീട്ടിലെത്തി അദീനയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അദീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി ലഭിച്ചിട്ടുണ്ട്.

അവശനിലയില്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്‍സില്‍ മരിച്ചത്. പെണ്‍സുഹൃത്തായ അദീന വിഷം കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അന്‍സില്‍ മൊഴി നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്. അദീന വിഷം വാങ്ങിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

അന്‍സില്‍ വിഷം കഴിച്ച് തന്റെ വീട്ടില്‍ കിടപ്പുണ്ടെന്ന് അദീന തന്നെയാണ് അന്‍സിലിന്റെ വീട്ടില്‍ വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അന്‍സിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ ഒരു ബന്ധുവും ആംബുലന്‍സില്‍ കയറി. തന്നെ ചതിച്ചെന്നും വിഷം നല്‍കിയെന്നും അന്‍സില്‍ ഈ ബന്ധുവിനോടാണ് പറഞ്ഞത്. ഇതാണ് കേസില്‍ നിര്‍ണായകമായത്. നിന്റെ മകനെ വിഷംകൊടുത്ത് കൊല്ലുമെന്ന് അദീന അന്‍സിലിന്റെ ഉമ്മയോട് പറഞ്ഞതായും അയാള്‍ പറയുന്നു.