എന്റെ വസ്‌ത്രധാരണം എന്റെ ഇഷ്ടമെന്ന് അനസൂയ ഭരദ്വാജ്

Saturday 02 August 2025 6:23 AM IST

വസ്‌ത്രധാരണത്തെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി നടി അനസൂയ ഭരദ്വാജ്. ആരും എന്നെ മാതൃകായക്കണമെന്ന് ആഗ്രഹിക്കുന്നില്ല. തന്റെ ജീവിതം ജീവിക്കുന്നതിന് ആരും തന്നെ വിലയിരുത്തരുതെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനസൂയ പറഞ്ഞു. ''അതെ ഞാനൊരു സ്‌ത്രീയാണ്. ഒരു ഭാര്യയാണ്. രണ്ടു കുട്ടികളുടെ അമ്മയാണ്. അതോടൊപ്പം എന്റെ വ്യക്തിപരമായ ശൈലി പ്രതിഫലിക്കുന്ന രീതിയിൽ വസ്‌ത്രം ധരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു. ഗ്ളാമറും സ്റ്റൈലും ആത്മവിശ്വാസവും എപ്പോഴും എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഇത് ഒരമ്മയ്ക്ക് ചേർന്നതല്ലെന്ന് ചിലർ വിശ്വസിക്കുന്നു. എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഒരമ്മയാകുക എന്നതിനർത്ഥം നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം ഉപേക്ഷിക്കുക എന്നാണോ? ''എന്റെ കുടുംബം എന്നെ വിലയിരുത്തില്ല. അവർ എന്നെ പിന്തുണയ്ക്കുന്നു. അതു തന്നെയാണ് ഏറ്റവും പ്രധാനം. ഈയൊരുതുറന്നുപറച്ചിൽ ചിലർക്ക് പരിചിതമായിരിക്കില്ലെന്ന് ഞാൻ മനസിലാക്കുന്നു. അതിൽ തെറ്റൊന്നുമില്ല. എന്നിരുന്നാലും തിരഞ്ഞെടുപ്പുകളെ തെറ്റായ സ്വാധീനമായി തെറ്റിദ്ധരിക്കരുത്. ആത്മവിശ്വാസമുള്ളവളും ദയ ഉള്ളവളും ബഹുമാനമുള്ളവളും സ്വയം ലജ്ജിക്കാത്തവളുമായ ഒരു സ്‌ത്രീയായാണ് മക്കൾ തന്നെ കാണുന്നത്. മറ്റുള്ളവരോടുള്ള ബഹുമാനം എപ്പോഴും നിലനിറുത്തി അഭിമാനത്തോടെയും സ്നേഹത്തോടെയും ഖേദമില്ലാതെയും ജീവിക്കുന്നത് തുടരും എന്നു പറഞ്ഞാണ് അനസൂയയുടെ കുറിപ്പ് അവസാനിക്കുന്നത്.

പുഷ്‌പ സീരിസിൽ ദാക്ഷായണി എന്ന കഥാപാത്രമായി തിളങ്ങിയ താരമാണ്് അനസൂയ ഭരദ്വാജ്. ഹരിഹരവീരമല്ലു എന്ന ചിത്രത്തിലെ കൊല്ലഗൊട്ടി നാധിരോ എന്ന ഗാനത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭീഷ്‌മപർവ്വം എന്ന മലയാള സിനിമയിൽ ആലീസ് എന്ന കഥാപാത്രമായി എത്തി അനസൂയ തിളങ്ങിയിരുന്നു.