അപകട ഭീഷണിയായി മരങ്ങൾ

Saturday 02 August 2025 1:34 AM IST

മുട്ടം: പുളിയന്മല സംസ്ഥാനപാതയിൽ തൊടുപുഴ -

മുട്ടം റോഡിൽ അപകടകരമാം വിധം പാതയോരത്ത് നിരവധി മരങ്ങൾ. പലതും റോഡിലേക്ക് ചാഞ്ഞ നിലയിലാണ്. ഏറെ തിരക്കേറിയ റോഡരികിലാണ് ഏതു സമയവും താഴെ വീഴാവുന്ന സ്ഥിതിയിൽ മരങ്ങൾ നിൽക്കുന്നത്. മ്രാല ജങ്ഷന് സമീപം കഴിഞ്ഞയാഴ്ച റോഡരികിൽ നിന്ന വലിയ വാക മരം രാത്രിയിൽ റോഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ കോടിക്കുളം സ്വദേശി മനോജിന് പരിക്കേറ്റിരുന്നു. തലനാരിഴ്ക്കാണ് മനോജ് രക്ഷപ്പെട്ടത്. ഒരു മാസം മുമ്പ് പെരുമറ്റത്ത് റോഡിലേക്ക് മരം വീണ് ഗതാഗത തടസം ഉണ്ടായി. അഗ്നിരക്ഷാസേന എത്തിയാണ് ഇത് വെട്ടിമാറ്റിയത്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡരികിലാണ് അപകട ഭീഷണിയായി മരങ്ങൾ ഉള്ളത്. വലിയ പാഴ് മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നതിൽ കൂടുതലും. ഭീഷണിയായ മരങ്ങൾ വെട്ടി മാറ്റാൻ അധികൃതർ തയാറാകുന്നില്ല. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ വലിയ അപകട സാധ്യതയാണ് റോഡരികിലെ മരങ്ങൾ ഉണ്ടാക്കുന്നത്.