മോഹമില്ലാതെ ആത്മജ്ഞാനിയാവുക
സീതാന്വേഷകരായി പുറപ്പെട്ട വാനരാധീശന്മാർ മഹേന്ദ്രാചലത്തിലെ ഗുഹയിൽ നിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്ന സമ്പാതിയെക്കണ്ട്, തങ്ങളെ ആക്രമിക്കുമോ എന്നു ഭയന്നെങ്കിലും അഭയമാകുമെന്ന് പ്രതീക്ഷിച്ചു. താരേയനായ അംഗദനിൽ നിന്ന് സമ്പാതി തന്റെ സഹോദരൻ ജടായുവിന്റെ മോക്ഷപ്രാപ്തിയെക്കുറിച്ച് അറിയുമ്പോൾ പറയുന്നത്, തന്നെയെടുത്ത് സഹോദരന്റെ ഉദകക്രിയാദികൾ ചെയ്യുന്നതിനായി ജലാന്തികേ കൊണ്ടുവയ്ക്കുകയെന്നാണ്. അപ്രകാരം വാനരർ ആദരപൂർവം സമ്പാതിയെ സമുദ്രതീരത്ത് കൊണ്ടുചെന്നിരുത്തി സ്നാനാദികൾ നടത്തി ദിവ്യാഞ്ജലിയർപ്പിക്കുകയും ചെയ്യുന്നു. ഭ്രാതൃ സ്നേഹത്തിന്റെ ഉദാത്തമായ കാഴ്ച! തുടർന്ന്, ഒരു നൂറുയോജന അകലെ എത്രയോ ഉന്നതമായ ത്രികുടാചലത്തിന്റെ മുകളിൽ ലങ്കാപുരിയിൽ രാക്ഷസ സ്ത്രീകളുടെ നടുവിൽ സീതാദേവി ദുഃഖാർത്തയായി കഴിയുന്നുവെന്നു വാനരന്മാരെ സമ്പാതി ധരിപ്പിക്കുന്നു. രാമായണത്തിലെ അതീന്ദ്ര തുല്യനായ പക്ഷിരാജനാണ് സമ്പാതി. സമ്പാതിയോടുള്ള നിശാകരമുനി വാക്യം, സ്വാർത്ഥതയുടെ നീഡത്തിൽ അടയിരിക്കുന്ന അഹംഭാവംകൊണ്ട് അന്ധരായ് പോയ ദേഹാഭിമാനികളായ മനുഷ്യർക്ക് എപ്പോഴും ആത്മപരിശോധനാപരമാണ്. ഓരോ മനുഷ്യന്റെയും ജീവിതഗതിയെ സൂചിപ്പിക്കുന്ന ആത്മോപദേശ സന്ദേശമാണ് നിശാകര മുനിയുടേത്. ഒരുനാൾ, ജടായുവും സമ്പാതിയും വേഗബലങ്ങൾ പരീക്ഷിക്കുന്നതിന് സൂര്യമണ്ഡലത്തിലേക്കു പറന്നുയർന്നു. അനുജൻ ജടായു വാശിയോടെ സൂര്യനെ സ്പർശിക്കുമെന്നായപ്പോൾ, ജടായുവിന്റെ ചിറകുകൾ കരിയാതിരിക്കാൻ സമ്പാതി മുകളിൽ ചിറകുവിരിച്ചു നിന്നു. സൂര്യരശ്മികളേറ്റു സമ്പാതിയുടെ ചിറകുകൾ കരിഞ്ഞ് ശരീരം ഭൂമിയിലേക്കു പതിച്ചു. ജടായു അങ്ങനെ രക്ഷപ്പെട്ടു. താഴെ വീണു ദിഗ്ഭ്രമത്താൽ ഉഴലുന്ന സമ്പാതി നിശാകര മുനിയുടെ ആശ്രമ സവിധത്തിലാണ് എത്തിയത്. ത്രേതായുഗത്തിൽ ദാശരഥിയായി മഹാവിഷ്ണു അവതരിക്കുമ്പോൾ സീതാന്വേഷണത്തിനായി വരുന്ന വാനരവീരരോട് അതിനുള്ള മാർഗം പറഞ്ഞു കൊടുക്കുന്ന മാത്രയിൽ പക്ഷങ്ങൾ വീണ്ടും മുളയ്ക്കുമെന്ന് അദ്ദേഹം അനുഗ്രഹിച്ചു. ശരീരം ദുഃഖകാരണമാണ്. കർമ്മഫലമാണ്, ശരീരമായിത്തീരുന്നത്. ശരീരത്തിലുള്ള അഹങ്കാരം മോഹത്തെ ജനിപ്പിക്കുന്നു. മോഹംമൂലമാണ് നാം കർമ്മങ്ങൾ ചെയ്യുന്നത്. മോഹമില്ലാതെ ആത്മജ്ഞാനിയാവുക. സത്യവും സനാതനവുമാണ് ഈശ്വരൻ. അതുചിന്തിക്കുമെങ്കിൽ നമ്മുടെ മായാമോഹം തീരും. നിർമ്മമമായി കർമ്മംചെയ്യുക. അതിലൂടെ ദുഃഖസാഗരം മറികടക്കാൻ കഴിയും. നിർമ്മലമായ രാമായണത്തിന്റെ സംക്ഷിപ്തതയും ഇതുതന്നെയാണ്. ജനാധിപത്യത്തെ വിശ്വവന്ദനീയമാക്കി, രാജ്യം ഭരിച്ച ശ്രീരാമനും ആ പ്രജാപതിയുടെ രാമരാജ്യവും എന്നും ഔന്നത്യത്തിന്റെ ഗിരിശൃംഗങ്ങളിൽ വിരാജിക്കുന്നു. അന്ധകാരമയമായ അസുരഭാവവും പ്രഭാമയമായ ധർമ്മപ്രഭാവവും (സുരഭാവവും) തമ്മിലുള്ള ജയാപജയങ്ങളിൽ നിന്നുണ്ടാകുന്ന സ്ഥായിയായ വിജയവുമാണ് രാമരാജ്യത്തിൽ കാണുന്നത്. ജീവിതത്തിന്റെ ന്യാസമായി ധർമ്മത്തെ കരുതണമെന്ന് നമ്മെ പഠിപ്പിക്കുന്നു. മാനവികത നിലനിറുത്താനും അതിന്റെ മഹനീയതയിൽ ജീവിത ശുഭഗതി വരുത്തുവാനും സത്യധർമ്മ പരിപാലകനായ ശ്രീരാമൻ തന്റെ അയനത്തിലുടനീളം ബദ്ധ കങ്കണനായിരുന്നു താനും. ജീവിതം ഭൗതികമായി, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സംഘർഷഭരിതമാണെന്ന് ഓർമ്മിപ്പിക്കുമ്പോഴും, ഭൗതികമായ അപചയങ്ങളിൽ വീഴാതെ ത്യാഗമോഹനമായ കർമ്മംകൊണ്ട് ആത്മപരിശോധനാപരമായ അയനംകൊണ്ട് അനുഗ്രഹപൂർണമാക്കാമെന്ന് ശ്രീരാമകഥ നമ്മെ പഠിപ്പിക്കുന്നു.