അച്ചാറിൽ ലഹരിമരുന്ന് ഒളിപ്പിച്ച കേസ്: ഞെട്ടൽ മാറാതെ മിഥിലാജിന്റെ കുടുംബം

Friday 01 August 2025 10:17 PM IST

കണ്ണൂർ: ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ കുടുംബത്തിന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.കൂടെ ജോലി ചെയ്യുന്ന വഹീന് കൈമാറണമെന്നാവശ്യപ്പെട്ട് ജിസിൻ എന്ന യുവാവ് എത്തിച്ച അച്ചാർക്കുപ്പിയിൽ ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുകയാണ് ഈ കുടുംബം.

ബുധനാഴ്ച രാത്രിയാണ് ജിസിൻ സാധനങ്ങൾ മിഥിലാജിന്റെ വീട്ടിൽ എത്തിച്ചത്. വഹീന്റെ നിരന്തരമായ ഫോൺ വിളികളും അച്ചാർ കുപ്പിയിൽ സീൽ ഇല്ലാത്തതുമാണ് ഇവർക്ക് സംശയത്തിനിട നൽകിയത്. പിതാവ് ടി.അഹമ്മദിന്റെ നിർദ്ദേശപ്രകാരം അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കൾ കണ്ടെത്തിയത്. വിവരമറിയിച്ച് എത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ 3.40 ഗ്രാം ഹാഷിഷ് ഓയിലും 0.260 ഗ്രാം എം.ഡി.എം.എയും കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ കുളംബസാറിൽ നിന്ന് കെ.പി.അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി.ജിസിൻ (26) എന്നിവരെ അറസ്റ്റ് ചെയ്തു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

ഗൂഢാലോചന തേടി പൊലീസ്

രണ്ട് പ്രധാന സാദ്ധ്യതകളാണ് പൊലീസ് അന്വേഷിക്കുന്നത്.ലഹരിമരുന്ന് കടത്തലിന് കഠിന ശിക്ഷ നൽകുന്ന സൗദി അറേബ്യയിൽ വച്ച് മിഥിലാജ് പിടിക്കപ്പെടാനുള്ള സാദ്ധ്യതയാണ് ഇതിൽ ഒന്ന്. മിഥിലാജിനെ കുടുക്കാനുള്ള ഗൂഢാലോചന ആകാനുള്ള സാദ്ധ്യതയാണ് പൊലീസ് സംശയിക്കുന്നത്. ലഹരിമരുന്ന് ലഭിക്കാൻ പ്രയാസമുള്ള രാജ്യത്ത് ഇത്തരം വസ്തുക്കൾ വൻതുകയ്ക്ക് വിൽക്കാനാകുമെന്നതിനാൽ നേരത്തേയും ഇത്തരം നീക്കം നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നടന്നത് കൃത്യമായ ആസൂത്രണം

കൃത്യമായ പദ്ധതിയോടെയാണ് ലഹരിമരുന്ന് അച്ചാറിന്റെ കുപ്പിയിൽ ഒളിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിൽ നിന്ന് പിടിച്ചാൽ അന്വേഷണം കൊടുത്തയച്ചവരിലേക്ക് എത്തുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. അതിനാൽ കുറഞ്ഞ അളവിൽ മാത്രമാണ് ലഹരിമരുന്ന് വച്ചത്. കൂടുതൽ അളവിൽ വച്ചിരുന്നെങ്കിൽ ജാമ്യം കിട്ടില്ലായിരുന്നു.സംഭവത്തിൽ കൂടുതൽ പ്രതികരിക്കാൻ കുടുംബം തയ്യാറായിട്ടില്ല.സംഭവത്തിന് ശേഷം മിഥിലാജ് കഴിഞ്ഞ ദിവസം രാത്രി ഗൾഫിലേക്ക് തിരിച്ചുപോയി.