ഓടിക്കോ... പിന്നാലെയുണ്ട് തെരുവുനായ്ക്കൾ

Saturday 02 August 2025 1:11 AM IST

കിളിമാനൂർ: രാത്രിയായാൽ ഇടറോഡുകളിലും അടഞ്ഞ കടകൾക്ക് മുന്നിലും തമ്പടിക്കും. വാഹനങ്ങളോ മറ്റോ പോയാൽ അവർക്ക് പിന്നാലെ മീറ്ററുകളോളം കുരച്ചുകൊണ്ടോടും. ഇരുട്ടത്ത് ജീവനുംകൊണ്ടാണ് ഇരുചക്രവാഹന യാത്രക്കാർ പായുന്നത്. പുലർച്ചെയെത്തുന്ന പത്രവിതരണക്കാരുടെ പിന്നാലെ കൂട്ടമായും ഒറ്റയ്ക്കും കുരച്ചുകൊണ്ട് ഓടും, ഏത് നിമിഷവും ചാടി വീഴാം, തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയ പത്രം ഏജന്റ് സുനിൽ ഇരട്ടച്ചിറയുടെ വാക്കുകളാണിവ. തെരുവുനായ്ക്കളെ പേടിച്ച് ഓട്ടോറിക്ഷയിലെത്തുന്ന വിതരണക്കാരാണ് ഇപ്പോൾ ഏറെയും. കിളിമാനൂർ -ആലംകോട് റോഡിൽ കശുഅണ്ടി ഫാക്ടറിക്ക് സമീപം രാത്രികാലങ്ങളിൽ 15ഓളം വരുന്ന നായ്‌ക്കൂട്ടം തന്നെയുണ്ട്. ഇവ പരസ്പരം ആക്രമിക്കുകയും സമീപത്തുകൂടി പോകുന്ന ഇരുചക്രവാഹന യാത്രക്കാർക്കു നേരെ ചാടിവീഴുന്നതും പതിവാണ്.

 അലഞ്ഞുതിരിഞ്ഞ് നായ്ക്കൾ

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിച്ച് പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും വിപുലമായ പദ്ധതികൾ തയാറാക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറുകണക്കിന് നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. തെരുവുനായയെ പേടിച്ച് പലരും പ്രഭാത സവാരിയും ഒഴിവാക്കി. സ്കൂൾ പരിസരങ്ങളും ഇവരുടെ വിശ്രമകേന്ദ്രമായി മാറി. മാസങ്ങൾക്കു മുമ്പ് ആറ്റൂരിൽ കോഴി ഫാമിൽ കയറി നൂറോളം കോഴികളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.

 പ്രായമായ വളർത്തുനായ്ക്കലെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നവരുമുണ്ട്. അങ്കണവാടികൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങി പൊതു സ്ഥലങ്ങൾ എല്ലാം തെരുവുനായ്ക്കൾ കീഴടക്കിയിരിക്കുകയാണ്.

 കാരണം മാലിന്യ നിക്ഷേപം

പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിലെ ചാക്കുകെട്ടുകൾ കടിച്ചുവലിക്കുന്ന തെരുവുനായ്ക്കൾ സ്ഥിരം കാഴ്ചയാണ്.