മലപ്പുറത്ത് ബസിനുള്ളില്‍ ലൈംഗികാതിക്രമം; ഉപദ്രവിക്കാന്‍ ശ്രമിച്ചത് കോളേജ് വിദ്യാര്‍ത്ഥിനിയെ
മലപ്പുറം: വളാഞ്ചേരി-തിരൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കാവുംപുറത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി സക്കീറാണ് (48) കേസില്‍ പിടിയിലായത്.
കടുങ്ങാത്തുകുണ്ടില്‍ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിക്ക് നേരെയാണ് പുത്തനത്താണിയില്‍ നിന്ന് കയറിയ പ്രതി ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ത്ഥിനി കണ്ടക്ടറോട് അതിക്രമത്തെ കുറിച്ച് വിവരം പറഞ്ഞിട്ടും ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കാതെ കാവുംപുറത്ത് ഇറങ്ങിപോകാന്‍ അനുവദിച്ചിരുന്നു. തുടര്‍ന്ന് വളാഞ്ചേരി പൊലീസ് ബസ് പിടിച്ചെടുത്തിരുന്നു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ബസ് കണ്ടക്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ബഷീര്‍, താനൂര്‍ ഡിവൈ.എസ്.പി പ്രമോദ്, വളാഞ്ചേരി സി.ഐ ബഷീര്‍ സി. ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ അജിത്, എസ്.സി.പി.ഒമാരായ ഹാരിസ്, നിതിന്‍, സി.പി.ഒ നിതീഷ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.