നവാസിനെ മരിച്ച നിലയിൽ കണ്ടത് റൂം ബോയ്,​ മരണ വാർത്തയുടെ ഞെട്ടലിൽ സിനിമാ ലോകം

Friday 01 August 2025 11:01 PM IST

കൊച്ചി : പുതിതായി അഭിനയിക്കുന്ന സിനിമയായ പ്രകമ്പനത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയതായിരുന്നു കലാഭവൻ നവാസ്. ഏറെ നേരമായിട്ടും കാണാത്തതിനാൽ റൂംബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ നവാസിനെ കണ്ടത്. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രകമ്പനം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കി ഹോട്ടൽ മുറി വെക്കേറ്റ് ചെയ്യാനാണ് നവാസ് എത്തിയതെന്നാണ് വിവരം. ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായി വരുകയായിരുന്നു നവാസ്,​ അടുത്തിടെ പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലനിലും നവാസ് ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്നയാണ് ഭാര്യ. സഹോദരൻ നിയാസ് ബക്കറും നടനാണ്.

മിമിക്രി വേദിയിലൂടെയായിരുന്നു നവാസിന്റെ കലാരംഗത്തേക്കുള്ള തുടക്കം. 1995ൽ പുറത്തിറങ്ങിയ ചൈതന്യമായിരുന്നു ആദ്യചിത്രം. മിമിക്സ് ആക്ഷൻ 500,​ ഹിറ്റ്ലർ ബ്രദേഴ്‌സ്,​ ജൂനിയർ മാൻഡ്രേക്ക്,​ മാട്ടുപ്പെട്ടി മച്ചാൻ,​ ചന്ദാമാമ,​ തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. താരസംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന ജനറൽ ബോഡി യോഗത്തിലും നവാസ് പങ്കെടുത്തിരുന്നു. അതിനാൽ തന്നെ നവാസിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെയും ഞെട്ടലിലാക്കി.