വി.എസ്.എസ്.സിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, അഞ്ചുപേർ പിടിയിൽ പലരിൽ നിന്നായി തട്ടിയത് രണ്ടരക്കോടി

Saturday 02 August 2025 1:20 AM IST

വെഞ്ഞാറമൂട്: വി.എസ്.എസ്.സി.യിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് രണ്ടരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. പോത്തൻകോട് പൂലന്തറ വീട്ടിൽ റംസി (35), ഇവരുടെ ഭർത്താവ് ഓച്ചിറ മേമന അജ്മൽ മൻസിലിൽ അജ്മൽ(29), തിരുനെൽവേലി സീലാത്തിക്കുളം ഭജനമഠം തെരുവിൽ മുരുകേശൻ(59), ആറ്റിങ്ങൽ കാട്ടുമ്പുറം കടുവയിൽ രോഹിണി നിവാസിൽ വിഷ്ണു രാജ്(33),ആറ്റിങ്ങൽ അവനവഞ്ചേരി വിളയിൽ വീട്ടിൽ സുരേഷ് ബാബു(50) എന്നിവരാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് സ്വദേശിയായ അഞ്ജലി എന്ന യുവതി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. അഞ്ജലിയുടെ ഭർത്താവിന്റെ സുഹൃത്തായ പോത്തൻകോട് സ്വദേശി ശ്യാം വഴിയാണ് റംസിയെ പരിചയപ്പെടുന്നത്. ഐ.എസ്.ആർ.ഒ.യിൽ മെക്കാനിക്കൽ എൻജിനിയറാണ് താനെന്നും 9 ലക്ഷം രൂപ നൽകിയാൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി വാങ്ങി നൽകാമെന്നും ഇവരെ വിശ്വസിപ്പിച്ചു. തുടർന്ന് ഡിഗ്രി യോഗ്യതയുള്ള അഞ്ജലി ആദ്യം രണ്ട് ലക്ഷവും ബാക്കിപ്പണം പല ഗഡുക്കളായി റംസിയയുടെ അകൗണ്ടിലേക്കും അയച്ചുനൽകി. ഇതിനുശേഷം വി.എസ്.എസ്.സിയിൽ സീനിയർ സയന്റിസ്റ്റ് സുരേഷ് മാത്യു എന്ന് പരിചയപ്പെടുത്തി വിഷ്ണുരാജ് ഫോണിൽവിളിച്ച് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് റിപ്പോർട്ടും വാങ്ങിനൽകി.

2025 ഫെബ്രുവരിയിൽ റംസിയും അജ്മലും കൂടി അഞ്ജലിയുടെ വീട്ടിലെത്തി നിയമന ഉത്തരവെന്നുപറഞ്ഞ് ഒരു കവർ നൽകുകയും സീനിയർ സയന്റിസ്റ്റായ സുരേഷ്‌മാത്യു വിളിച്ചതിന് ശേഷമേ തുറക്കാവൂവെന്ന് പറയുകയും ചെയ്തു. എന്നാൽ മാസങ്ങൾകഴിഞ്ഞിട്ടും വിളി വരാത്തതിനെ തുടർന്ന് അഞ്ജലി കവർ തുറന്നപ്പോൾ ഇക്കഴിഞ്ഞ ഏപ്രിലിൽ തുമ്പ വി.എസ്.എസ്.സി.യിൽ ജോലിക്ക് കയറാനുള്ള വ്യാജ നിയമന ഉത്തരവാണുണ്ടായിരുന്നത്.

വീണ്ടും ബന്ധപ്പെട്ടപ്പോൾ കുറച്ച് നാൾ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് ഇക്കഴിഞ്ഞ ജൂലായിൽ തമിഴ്നാട്ടിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് റംസിയും മുരുകേശനം ചേർന്ന് രണ്ടുകോടി രൂപയോളം തട്ടിയെടുത്തെന്ന വാർത്ത പത്രങ്ങളിൽ വരുന്നത്. ഇതോടെയാണ് അഞ്ജലി പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുരുകേശൻ തമിഴ്‌നാട്ടിൽ നിന്ന് 27 പേരിൽ നിന്നായി രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത് റംസിക്ക് നൽകിയതിന്റെ രേഖകളും മറ്റ് സീലുകളും പൊലീസ് കണ്ടെത്തി.

മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന റംസിയയെയും അജ്മലിനെയും വെമ്പായത്ത് നിന്നും മറ്റുള്ളവരെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് എസ്.എച്ച്.ഒ. ആസാദ് അബ്ദുൽ കലാം, എസ്.ഐ.മാരായ സുജിത്ത്, ഷാൻ, എ.എസ്.ഐ.റജീന,സി.പി.ഒ മാരായ ഗോകുൽ,അസീം,നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.