ബേക്കറിയിലേക്ക് കാർ ഇടിച്ചുകയറ്റി ഉടമയേയും ഭാര്യയേയും മ‌ർദ്ദിച്ചു

Saturday 02 August 2025 1:42 AM IST

വിതുര:ബേക്കറിയിലേക്ക് കാർ ഇടിച്ചുകയറ്റി ഉടമയേയും ഭാര്യയേയും ആക്രമിച്ചതായി പരാതി. തൊളിക്കോട് ഇരുതലമൂല ജംഗ്ഷനിലെ ബേക്കറിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് തൊളിക്കോട് സ്വദേശി മുഹമ്മദ് ഇജാസിനെ (25) വിതുര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11 നാണ് സംഭവം. പ്രതിക്ക് സമയത്ത് സിഗരറ്റ് നൽകിയില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. കാർ ഇടിച്ചുകയറ്റിയശേഷം ഉടമയെ കല്ലെറിയുകയും, തടിക്കഷണം കൊണ്ട് ആക്രമിക്കുകയും, ഗ്ലാസിട്ടമേശ അടിച്ച് പൊട്ടിക്കുകയും ചെയ്തു. ഭാര്യയുടെ കൈപിടിച്ച് തിരിക്കുകയും, അടിക്കുകയും ചെയ്തു. കഞ്ചാവ്, അടിപിടിക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഇജാസെന്ന് പൊലീസ് പറഞ്ഞു. വിതുര സ്റ്റേഷൻഹൗസ്ഓഫീസർ ജി.പ്രദീപ്കുമാർ, എസ്.ഐ മുഹ്സിൻമുഹമ്മദ്, എ.എസ്.ഐ ആർ.എസ്.ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.