ശക്തനിലെ പാർക്കിംഗ് ഫീസ്: വീണ്ടും സമര പ്രഖ്യാപനം, ചർച്ചയ്ക്കൊടുവിൽ പിൻവലിച്ചു

Saturday 02 August 2025 12:36 AM IST

തൃശൂർ: ശക്തൻ സ്റ്റാൻഡിൽ പാർക്കിംഗ് ഫീസ് സംബന്ധിച്ച തർക്കത്തിന് താത്കാലിക പരിഹാരം. എ.ഡി.എമ്മുമായി ഇന്നലെ നടത്തിയ ചർച്ചയിൽ ഇന്ന് മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ഏഴിന് കോർപറേഷന്റെ ഹിയറിംഗ് കഴിയുന്നതു വരെ ഫീസ് പിരിക്കുന്നത് നിർത്തിവയ്ക്കാമെന്ന് കോർപറേഷൻ അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. കഴിഞ്ഞ ദിവസം പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെയും കുടിശിക നൽകണമെന്നും ആവശ്യപ്പെട്ട് കോർപറേഷൻ അധികൃതരും പൊലീസും കരാറുകാരനും എത്തിയത് തർക്കത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട്, ചാവക്കാട് മേഖലകളിലേക്കുള്ള ബസ് സർവീസ് നിർത്തിവച്ചിരുന്നു. ജില്ലാ കളക്ടർ ഇടപെട്ട് തർക്കം പരിഹരിച്ചതിനെ തുടർന്നാണ് സർവീസ് പുനരംഭിച്ചത്.

എന്നാൽ ഇന്നലെ വീണ്ടും പണപ്പിരിവിന് എത്തിയതോടെയാണ് ഇന്ന് മുതൽ സശക്തൻ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകൾ സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബസുടമകളുടയും കോർപറേഷൻ അധികൃതരുടെയും യോഗം കളക്ടറുടെ നിർദ്ദേശപ്രകാരം എ.ഡി.എം ടി.മുരളി വിളിച്ചു ചേർക്കുകയായിരുന്നു.