ഇ.ഡി നിഷ്‌പക്ഷമായിരിക്കണം: റൗസ് അവന്യു കോടതി
ന്യൂഡൽഹി : ഇ.ഡി നിഷ്‌പക്ഷമായിരിക്കണമെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവിടരുതന്നും ഡൽഹി റൗസ് അവന്യു കോടതി. ആംആദ്മി നേതാവും ഡൽഹി മുൻ ആരോഗ്യ മന്ത്രിയുമായ സത്യേന്ദർ ജെയ്ൻ ബി.ജെ.പി എം.പി ബാൻസുരി സ്വരാജിനെതിരെ സമർപ്പിച്ച മാനനഷ്‌ടക്കേസ് തള്ളിക്കൊണ്ടാണ് നിരീക്ഷണം. ഇ.ഡി അവരുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ മുഖേന പുറത്തുവിടുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. തെറ്രിദ്ധരിപ്പിക്കുന്ന, അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വസ്‌തുതകൾ അവതരിപ്പിച്ചാൽ ഏജൻസിയുടെ വിശ്വാസ്യതയെ ബാധിക്കും. വ്യക്തിയുടെ അന്തസിനെ ബാധിക്കും. അധികാരത്തിന്റെ ദുരുപയോഗമാണിതെന്നും കോടതി നിരീക്ഷിച്ചു. ഇ.ഡി നീതിയുടെയും ന്യായത്തിന്റെയും തത്വങ്ങളാണ് ഉയർത്തിപിടിക്കേണ്ടതെന്നും പ്രത്യേക കോടതി ജഡ്‌ജി ജിതേന്ദ്ര സിംഗ് ഓർമ്മിപ്പിച്ചു.
ഇ.ഡിയാണ് കാരണം
സത്യേന്ദർ ജെയ്ന്റെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്‌ഡിൽ കിലോക്കണക്കിന് സ്വർണവും മൂന്നു കോടി രൂപയും കണ്ടെടുത്തുവെന്ന് ഒരഭിമുഖത്തിൽ ബാൻസുരി ആരോപിച്ചിരുന്നു. ഇ.ഡിയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. എന്നാൽ സ്വർണമോ പണമോ തന്റെ വീട്ടിൽ നിന്ന് ഇ.ഡി പിടിച്ചെടുത്തിട്ടില്ലെന്ന് ജെയ്ൻ വാദിക്കുന്നു. ഇ.ഡി രേഖകൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. എന്നിട്ടും ബാൻസുരി അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ഹർജിയിൽ വ്യക്തമാക്കി. പണവും സ്വർണവും കണ്ടെടുത്തുവെന്ന ധാരണയുണ്ടാക്കുന്നതാണ് ഇ.ഡിയുടെ ട്വീറ്റെന്നും അതാണ് ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കിയതെന്നും കോടതി നിരീക്ഷിച്ചു.