15,000 രൂപ ശമ്പളം, 30 കോടി രൂപയുടെ ആസ്തി റെയ്ഡിൽ കുരുങ്ങി മുൻ സർക്കാർ ഉദ്യോഗസ്ഥൻ
Saturday 02 August 2025 1:45 AM IST
ബംഗളൂരു: കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ലിമിറ്റഡിലെ (കെ.ആർ.ഐ.ഡി.എൽ) മുൻ ക്ലർക്കിന്റെ വസതിയിൽ ലോകായുക്ത ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 30 കോടിയിലധികം രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തി. കലകപ്പ നിഡഗുണ്ടിക്ക് 15,000 രൂപയായിരുന്നു മാസ ശമ്പളം. എന്നാൽ റെയ്ഡിൽ 24 വീടുകളും 40 ഏക്കർ കൃഷിഭൂമിയും സ്വന്തമായിട്ടുണ്ടെന്ന്
വ്യക്തമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. നാല് വാഹനങ്ങൾ, 350 ഗ്രാം സ്വർണം, 1.5 കിലോ വെള്ളി എന്നിവയും ലോകായുക്ത കണ്ടെടുത്തു.
സ്വത്ത് ഇയാളുടെ ഭാര്യയുടെയും സഹോദരന്റെയും പേരിലായിരുന്നു. പൂർത്തിയാകാത്ത 96 പദ്ധതികളുടെ വ്യാജ രേഖകൾ നിർമിച്ച് നിഡഗുണ്ടിയും കെ.ആർ.ഐ.ഡി.എൽ മുൻ എൻജിനിയറും ചേർന്ന് 72 കോടിയിലധികം രൂപ തട്ടിയെടുത്തതായി നേരത്തെ ആരോപണമുയർന്നിരുന്നു.