കലാഭവൻ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, പോസ്റ്റ്‌മോർട്ടം ഇന്ന്

Saturday 02 August 2025 7:34 AM IST

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി 8.45ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. 'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്.

ഇന്ന് രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റുമോര്‍ട്ടം നടത്തും. അർദ്ധരാത്രി 12 മണിയോടെയാണ് നവാസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഇന്ന് വൈകിട്ട് നാല് മണി മുതൽ മുതല്‍ 5.30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും.

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടെലിവിഷൻ പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകവെയാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍.