കാമുകന് വിഷം കൊടുത്ത് കൊന്ന കേസ്; അദീനയുടെ വീട് പരിശോധിക്കാനൊരുങ്ങി പൊലീസ്, സുഹൃത്തുക്കളുടെ മൊഴിയെടുക്കും
കൊച്ചി: കോതമംഗലത്ത് ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസിൽ അന്വേഷണം തുടർന്ന് പൊലീസ്. ശീതളപാനീയത്തിൽ വിഷം കൊടുത്ത് കൊന്നുവെന്നാണ് പ്രതിയായ ചേലാട് സ്വദേശിനി അദീന (30) പൊലീസിന് നൽകിയ മൊഴി.
ചെമ്മീൻ കുത്തിലുള്ള അദീനയുടെ വീട്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അൻസിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയും ഉടൻ രേഖപ്പെടുത്തും. വിഷം വാങ്ങിയതിന്റെയും വീട്ടിൽ സൂക്ഷിച്ചതിന്റെയും തെളിവുകൾ ഇന്നലെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്ത് കാക്കാനാട് ജയിലിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്‍റെ നീക്കം.
ഒറ്റയ്ക്ക് താമസിക്കുന്ന അദീന രാത്രി അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബുധനാഴ്ച പുലർച്ചെയാണ് വിഷം നൽകിയത്. അൻസിൽ കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഡിസ്‌പോസിബിൾ ഗ്ലാസിൽ കളനാശിനി ശീതളപാനീയത്തിൽ ചേർത്ത് നൽകുകയായിരുന്നു. അബോധാവസ്ഥയിലായതോടെ അൻസിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചു.
തുടർന്ന് പൊലീസും ബന്ധുക്കളും എത്തി ആംബുലൻസിൽ അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി എട്ടിനാണ് മരിച്ചത്. ബോധം വന്നപ്പോൾ ആംബുലൻസിൽ വച്ച് അദീന വിഷം നൽകിയെന്ന് അൻസിൽ ബന്ധുവിനോട് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. അദീന അവിവാഹിതയാണ്.
ഇരുവരും ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കും പതിവായിരുന്നു. അൻസിൽ മർദ്ദിച്ചതായി ഒരു വർഷം മുമ്പ് അദീന കോതമംഗലം പൊലീസിൽ നൽകിയ പരാതി രണ്ടാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. എന്നാൽ, ഒത്തുതീർപ്പു പ്രകാരമുള്ള പണം അൻസിൽ നൽകിയില്ല. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് അദീനയുടെ മൊഴി.