ജമ്മു കാശ്‌മീരിൽ മണ്ണിടിച്ചിൽ; സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും മകനും മരിച്ചു, നിരവധിപേർക്ക് പരിക്ക്

Saturday 02 August 2025 8:22 AM IST

ശ്രീന​ഗർ: ജമ്മു കാശ്‌മീരിൽ മണ്ണിടിഞ്ഞ് രണ്ട് മരണം. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിംഗ് റാണയും മകനുമാണ് മരിച്ചത്. സംഭവത്തിൽ രജീന്ദർ സിംഗിന്റെ ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജീന്ദർ സിംഗ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകൾ പതിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കുടുംബവുമായി ധർമ്മാരിയിൽ നിന്ന് പട്യാനിലേക്ക് പോകുകയായിരുന്നു രജീന്ദർ സിംഗും കുടുംബവും. സലൂഖ് ഇഖ്തർ നല്ല എന്ന പ്രദേശത്ത് വച്ചാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രജീന്ദർ സിംഗ് റാണയും മകനും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം ഗുരുതരമായി പരിക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.