മഹാദേവിന് പിന്നാലെ ഓപ്പറേഷൻ അഖാൽ; രാത്രിമുഴുവൻ കനത്ത പോരാട്ടം, ഭീകരനെ വധിച്ച് സൈന്യം, ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. അഖാൽ മേഖലയിലെ വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ഇന്നലെ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒരാളെ വധിച്ചത്. ഭീകരർ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. അഖാൽ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷൻ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു.
'രാത്രിയിലുടനീളം ശക്തമായ വെടിവയ്പ്പ് തുടർന്നു. ട്രൂപ്പ് ജാഗരൂകരാവുകയും കനത്ത തിരിച്ചടി നൽകുകയും ചെയ്തു. സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഓപ്പറേഷൻ അഖാൽ പുരോഗമിക്കുകയാണ്'- എന്നാണ് സൈന്യത്തിന്റെ ചിനാർ കോർപ്പ്‌സ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്‌ച പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി വധിച്ചു. ജൂലായ് 28ന് പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെ ജമ്മു കാശ്‌മീരിൽ പഹൽഗാം ഭീകരനെ കാട്ടിൽ കയറി സുരക്ഷാ വധിച്ചിരുന്നു. പഹൽഗാമിൽ ഹിന്ദു നാമധാരികളെ മാറ്റിനിർത്തി പോയിന്റ് ബ്ലാങ്കിൽ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ ഉന്നത കമാൻഡർ ഹാഷിം മൂസ എന്ന സുലൈമാൻ ഷായെയാണ് സേന വധിച്ചത്. 'ഓപ്പറേഷൻ മഹാദേവ്' എന്നു പേരിട്ട സംയുക്ത സേനാ നീക്കമാണ് ലക്ഷ്യം കണ്ടത്. ഹാഷിം മൂസ ഉൾപ്പെടെ മൂന്നു ഭീകരരെയാണ് രാവിലെ ശ്രീനഗർ ഹാർവാനിൽ ദച്ചിഗാം ദേശീയ പാർക്കിനു സമീപമുള്ള മുൾനാർ വനമേഖലയിൽ വധിച്ചത്.