ദ ഫന്റാസിറ്റിക് ഫോർ
ഡി-റെക്സ് എന്ന ഭയങ്കരൻ ദിനോസർ, പറന്നുയരുന്ന സൂപ്പർ ഹീറോ, ചീറിപ്പായുന്ന ഫോർമുല വൺ കാർ, എർത്ത് 828 എന്ന അത്ഭുത ലോകം... കേരളത്തിലെ തിയേറ്ററുകൾ ഹോളിവുഡ് തേരോട്ടത്തിൽ. ജുറാസിക് വേൾഡ് റീബെർത്ത്, സൂപ്പർമാൻ, എഫ് - 1, ദ ഫന്റാസിറ്റിക് ഫോർ : ഫസ്റ്റ് സ്റ്റെ പ്പ്സ് ... ഇന്ത്യയിൽ അടുപ്പിച്ച് റിലീസായ ഈ നാലു ഹോളിവുഡ് ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഗംഭീര ബോക്സ് ഓഫീസ് വിജയമാണ് കാഴ്ചവച്ചത്. ഒരിടളവേയ്ക്ക് ശേഷം ഹോളിവുഡിന് ഇന്ത്യൻ സിനിമകൾക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്താനും സാധിച്ചു. എഫ് - 1 ജൂൺ 27നും ജുറാസിക് വേൾഡ് ജൂലായ് 4നും സൂപ്പർമാൻ ജൂലായ് 11നും ദ ഫന്റാസിസ്റ്റ് ഫോർ : ഫസ്റ്റ് സ്റ്റെ പ്പ്സ് ജൂലായ് 25നും ആണ് ഇന്ത്യയിലെത്തിയത്. സൂപ്പർമാൻ ആദ്യ മൂന്ന് ദിവസം കൊണ്ട് 26.30 കോടി രൂപ നേടിയപ്പോൾ ജുറാസിക് വേൾഡ് ആദ്യ 12 ദിവസത്തിനിടെ ഏകദേശം 78 കോടി രൂപ നേടി. എഫ് - 1, 18 ദിവസം കൊണ്ട് 71 കോടി രൂപയാണ് ഇന്ത്യൻ ബോക്സ്ഓഫീസിൽ നേടിയത്.മാർവെലിന്റെ സൂപ്പർ ഹീറോ ചിത്രം ദ ഫന്റാസിറ്റിക് ഫോർ : ഫസ്റ്റ് സ്റ്റെ പ്പ്സ് കേരളത്തിൽനിന്ന് നാലു ദിവസം നേടിയത് 1.19 കോടി. മേയിൽ ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ - ദ ഫൈനൽ റെക്കനിംഗിന് ശേഷമാണ് ചിത്രങ്ങളുടെ വിജയം. എടുത്തുപറയേണ്ട മറ്റൊരു കാര്യം, നാലു ചിത്രങ്ങൾക്കും കേരളത്തിലും മികച്ച പ്രതികരണം ലഭിച്ചു എന്നതാണ്. ഇന്ത്യൻ ബോക്സ്ഓഫീസിലെ ഹോളിവുഡിന്റെ ശക്തമായ തിരിച്ചുവരവിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്. കൊവിഡിന് മുമ്പുള്ള ഊർജ്ജവും ആവേശവും വീണ്ടും തിയേറ്ററുകളിൽ സജീവമായിക്കഴിഞ്ഞു. സ്കാർലെറ്റ് ജൊഹാൻസൺ നായികയായി എത്തിയ ജുറാസിക് വേൾഡ് റീബെർത്തിനെ ഏറെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. 2022ലെ ജുറാസിക് വേൾഡ് ഡൊമിനിയന്റെ സീക്വലായിട്ടാണ് ജുറാസിക് വേൾഡ് റീബെർത്ത് എത്തിയത്. ജുറാസിക് പാർക്ക് പരമ്പരയിലെ ഏഴാമത്തെ ചിത്രമാണിത്. മുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്ഥതകളുമായിട്ടാണ് റീബെർത്തിന്റെ വരവ്. നായകന് പകരം നായികയാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ടൈറനോസോറസ് (ടി - റെക്സ് ) പോലുള്ള ദിനോസർ വില്ലൻമാർക്കും മീതേ ഡി-റെക്സ് (ഡിസ്റ്റോർറ്റസ് റെക്സ്) എന്ന വിനാശകാരിയെ ആണ് റീബെർത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. മ്യൂട്ടേഷൻ സംഭവിച്ച ദിനോസറാണ് ഡി-റെക്സ്. ദിനോസറുകളുടേതായി നമ്മൾ മനസിൽ സങ്കൽപ്പിച്ചിട്ടുള്ള ക്ലാസിക് രൂപങ്ങളെയൊക്കെ പൊളിച്ചെഴുതുന്ന രൂപവും ഭാവവുമാണ് ഡി-റെക്സിന്. ഡി-റെക്സിൽ നിന്നും രക്ഷാനേടാനുള്ള കഥാപാത്രങ്ങളുടെ ഓട്ടപ്പാച്ചിൽ പ്രേക്ഷകരെയും ആകാംക്ഷയുടെ കൊടുമുടിയിൽ എത്തിക്കുന്നു. സൂപ്പർമാനെ അറിയാത്തവരായി ആരുമില്ല. ഡേവിഡ് കോറൻസ്വെറ്റ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഹെൻറി കാവില്ലിനെ സൂപ്പർമാനായി മനസിൽ പ്രതിഷ്ഠിച്ച പലർക്കും ഡേവിഡിനെ ആ വേഷത്തിൽ സ്വീകരിക്കാൻ പ്രയാസമുണ്ടായത്രെ. മട്ടിലും ഭാവത്തിലും അഭിനയത്തിലുമൊക്കെ ഡേവിഡിന് സൂപ്പർമാനോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.
എങ്കിലും ഹെൻറി കാഴ്ചയിൽ തന്നെ കൂടുതൽ പവർഫുൾ ആണെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു. അതേ സമയം, ഡേവിഡ്, എക്കാലത്തെയും മികച്ച സൂപ്പർമാനായി വിലയിരുത്തപ്പെടുന്ന ക്രിസ്റ്റഫർ റീവിനെ അനുസ്മരിപ്പിക്കുന്നെന്ന് ഒരു വിഭാഗം പറയുന്നു. ബ്രാഡ് പിറ്റ് കേന്ദ്രകഥാപാത്രമായി എത്തിയ സ്പോടർസ് ഡ്രാമയാണ് എഫ് - 1. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വേഗതയുടെ ലോകത്തേക്ക് തിരിച്ചുവരുന്ന ഫോർമുല വൺ (എഫ് 1) ഡ്രൈവറായുള്ള പിറ്റിന്റെ പ്രകടനം കൈയടി നേടി. ഫോർമുല വണ്ണിനെ പറ്റിയോ ഗ്രാൻപ്രീയെ പറ്റിയോ കാര്യമായ അറിവില്ലാഞ്ഞിട്ടും നൂറു ശതമാനം സംതൃപ്തിയോടെയാണ് തിയേറ്ററിൽ നിന്നിറങ്ങിയതെന്ന് പലരും പറയുന്നു. ചിത്രത്തിന്റെ ഗുണനിലവാരവും ഒരുക്കിയ രീതിയുമാണ് ഇതിന് കാരണം. സംവിധാനം, ഛായഗ്രാഹണം, സൗണ്ട് ഡിസൈനിംഗ്, ക്യാമറ നിലവാരം എന്നിങ്ങനെ എല്ലാ വശവും ഗംഭീരമാക്കി.
ഏതായാലും ഇന്ത്യയിലെ ഹോളിവുഡ് ആരാധകരെ വിസ്മയിപ്പിക്കാനുള്ള വമ്പൻ ഐറ്റങ്ങൾ വരാനിരിക്കുന്നുണ്ട്. ജെയിംസ് കാമറോണിന്റെ അവതാർ: ഫയർ ആൻഡ് ആഷും ക്രിസ്റ്റഫർ നോളന്റെ ദ ഒഡീസിയും ഉദാഹരണം. അവതാർ പരമ്പരയിലെ മൂന്നാം ചിത്രമായ ഫയർ ആൻഡ് ആഷ് ഡിസംബർ 19ന് എത്തും. കാമറോണിന്റെ സ്വപ്ന പദ്ധതിയാതിനാൽ അവതാർ പരമ്പരയിലെ ഒരു ചിത്രവും തങ്ങളെ നിരാശരാക്കില്ലെന്ന് ആരാധകർക്ക് ഉറപ്പാണ്. അടുത്ത വർഷം ജൂലായിലാണ് ഒഡീസിയുടെ റിലീസ്.
പക്ഷേ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ മാസം തന്നെ തുടങ്ങി . ബുക്കിംഗ് നടന്ന തിയേറ്ററുകളിലെ ടിക്കറ്റുകളെല്ലാം കണ്ണടച്ച് തുറക്കും മുന്നേ തീരുകയും ചെയ്തു. ഓസ്കാറിലടക്കം ആധിപത്യം പുലർത്തിയ ഓപ്പൺഹൈമറിന് ശേഷമുള്ള നോളന്റെ ചിത്രമെന്ന പ്രത്യേകതയും ഒഡീസിക്കുണ്ട്. പൂർണമായും ഐമാക്സ് ഫിലിം ക്യാമറകളിൽ ചിത്രീകരിച്ച ഒഡീസി നോളന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാകും. ഹോമറിന്റെ ഇതിഹാസമായ ഒഡീസിയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ മാറ്റ് ഡേമൻ, ടോം ഹോളണ്ട്, ആൻ ഹാത്തവേ, സെൻഡേയ, റോബർട്ട് പാറ്റിൻസൺ തുടങ്ങി വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്.