കൃഷ്ണസോപാനത്തിലെ നളിനകാന്തി
അമേരിക്കയിലെ മികച്ച അദ്ധ്യാപകനെന്ന നിലയിൽ പ്രസിഡന്റ് റൊണാൾഡ് റെയ്ഗനിൽ നിന്ന് അവാർഡ് നേടിയ ഏക മലയാളി ഡോ. സി.വി. കൃഷ്ണന്റെ ജീവിതവഴിയിൽ 58 വർഷം നളിനകാന്തി പരത്തിയ സഹധർമ്മിണി. മഹാത്മാഗാന്ധിജിയുടെ സ്റ്റെനോഗ്രാഫറായിരുന്ന ചക്കേടത്ത് ശങ്കരൻകുട്ടിമേനോന്റെ മകൾ നളിനിയ്ക്ക് ആ വിശേഷണം മാത്രം പോരാ. ലോകമെങ്ങും തന്റെ അറിവിന്റെ വെളിച്ചം പടർത്തി, 87വയസ്സിലും വിശ്രമമറിയാത്ത ഡോ.കൃഷ്ണന്റെ നിഴൽ പോലെ നിലകൊണ്ട് വെളിച്ചമാകുകയായിരുന്നു നളിനി.
ആഗസ്റ്റ് 3 നളിനിയ്ക്ക് 80 വയസ്സ്. 'അശീതി. " ഈ സൗഭാഗ്യം തനിക്കുചുറ്റിലുളളവർക്കും ഉണ്ടാകണേ എന്ന് അവർ പ്രാർത്ഥിക്കുന്നു. അച്ഛനിൽ നിന്ന് തുടങ്ങുന്നു നളിനിയുടെ അറിവിന്റെ ലോകം. അച്ഛൻ ചക്കേടത്തു ശങ്കരൻകുട്ടിമേനോൻ മഹാത്മാ ഗാന്ധിജിയുടെ സ്റ്റെനോഗ്രാഫർ മാത്രമായിരുന്നില്ല. സർദാർ വല്ലഭായ് പട്ടേൽ, ഭുലാഭായിദേശായി തുടങ്ങിയ മഹാരഥൻമാരുടെ കൂടെ ജോലി ചെയ്ത് എളിയ ജീവിതം 93 കൊല്ലത്തിലധികം അദ്ദേഹം നയിച്ചു. ആറ് മക്കളുടെ അമ്മയായ നളിനിയുടെഅമ്മ 67 -ാം വയസ്സിൽ സ്തനാർബുദത്തിന് ഇരയായി.
കൃഷ്ണസന്നിധിയിൽ
കൃഷ്ണനെ വരിച്ച് 1967 ഫെബ്രുവരി 10 ന് വെള്ളിയാഴ്ച രാവിലെ ഗുരുവായൂർ അമ്പലനടയിൽ വെച്ചാണ് ചിറക്കൽ വാരിയത്തെ ഡോ. സി. വി. കൃഷ്ണനെ നളിനി ജീവിതപങ്കാളിയാക്കുന്നത്. ഇരുവരുടേയും വീടുകൾ തമ്മിൽ 5 മിനിറ്റ് നടത്തത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. സദ്യ ഗുരുവായൂരിലെ ഒരു ഹാളിലായിരുന്നു. അന്നുവൈകുന്നേരം നളിനിയുടെ വീട്ടിൽ ഒരു പാർട്ടിയും. കൃഷ്ണൻ വാരിയർ സമുദായത്തിലെ ഒരംഗവും നളിനി നായർ സമുദായത്തിലെ ഒരംഗവും ആയിരുന്നതിനാൽ കൃഷ്ണന്റെ വീട്ടിലെ അടുക്കളയിൽ പ്രവേശനമുണ്ടായിരുന്നില്ല. എങ്കിലും കൃഷ്ണന്റെ അമ്മ വളരെ സ്വതന്ത്രചിന്ത പുലർത്തിയതിനാൽ ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആ ചിട്ടകളെല്ലാം മക്കളായ മിനിയും ജയനും ജനിച്ചതോടുകൂടി കൃഷ്ണന്റെ അച്ഛനും മറന്നിരുന്നു. അച്ഛന് നാട്ടുകാരെയും അമ്മക്ക് അച്ഛനേയും ആയിരുന്നു ഭയം. ചേർപ്പ് ഹൈസ്കൂളിൽ നിന്ന് ഒന്നാമനായി വിജയിച്ച് തൃശൂർ സെന്റ് തോമസ്കോളേജ് ഇന്റർമീഡിയറ്റ് , ശ്രീകേരളവർമ കോളേജ് ബി.എസ്.സി പാസ്സായശേഷം ഭാഗ്യം കൊണ്ട് ഹോമി ഭാഭയുടെ ആദ്യമായി തുടങ്ങുന്ന അറ്റോമിക് എനർജി എസ്റ്റാബ്ളിഷ്മെന്റ് ട്രെയിനിങ് സ്കൂളിൽ സെലക്ഷൻ കിട്ടിയ കൃഷ്ണൻ നാട്ടിൽ ശ്രദ്ധേയനായിരുന്നു. 9 കൊല്ലം അവിടെ ഗവേഷണം ചെയ്യുന്ന സമയത്തു് എം.എസ്.സിയും പി.എച്ച്.ഡിയും എടുത്തു. പി.എച്ച്.ഡി തീസിസിനുഗോൾഡ് മെഡലുംനേടി. പതിനാറു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഉപരിപഠനത്തിനായി 3 കൊല്ലത്തെ സ്റ്റഡി ലീവ് കിട്ടുവാൻ പറ്റാഞ്ഞതിനാൽ വളരെ നല്ല ഗവേഷണ സാഹചര്യങ്ങളും വളരെ നല്ല ശമ്പളവും ഉള്ളജോലി മനസ്സില്ലാമനസ്സോടെ ധൈര്യപൂർവം ഉപേക്ഷിച്ച് (1967 ൽ രാജിവെച്ച്) അമേരിക്കയിലെ ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിലേക്ക്പോയി. യാത്രാ കാര്യങ്ങൾക്കായി 16 സുഹൃത്തുക്കളുടെ കയ്യിൽനിന്ന് 500 ഉറുപ്പിക വീതവും നളിനിയുടെ ചെറിയച്ഛന്റെ കയ്യിൽനിന്നു 8000 ഉറുപ്പികയും കടം വാങ്ങിയിട്ടാണ് മുംബയോട് താത്കാലികമായി വിട പറഞ്ഞത്. ചെറിയച്ഛന്റെ ശൗചാലയത്തിന്റെ മുകളിലെ ഒരു ഇരുമ്പുപ്പെട്ടിയിൽ എം.എസ്.സി,പി.എച്ച്.ഡി, തീസിസ്സുകളും വെച്ചശേഷമായിരുന്നു യാത്ര. അതെല്ലാം പിന്നീട് വന്നപ്പോൾ ചിതലിന് ഇരയായത് കണ്ട് അദ്ദേഹം സങ്കടപ്പെട്ടു. നളിനി ഒറ്റയ്ക്ക് അച്ഛനമ്മമാരുടെ കൂടെ 6 മാസം ബോംബയിൽ താമസിക്കുമ്പോൾ ക്ളർക്ക് ആയി ബോംബെ മുനിസിപ്പൽ കോർപറേഷനിൽ ജോലിയും ചെയ്തു. ഡോ.കൃഷ്ണന് 8400 ഡോളർ പ്രതിവർഷം സ്കോളർഷിപ്പ് ഉണ്ടായിരുന്നതിനാൽ ഒരുകൊല്ലത്തിനകം എല്ലാ കടവും വീട്ടിയിരുന്നു.
മുംബയിലെ
കുട്ടിക്കാലം മുംബയിലാണ് നളിനി ജനിച്ചത്. മലബാർ ഹിൽസിന് അടുത്തുള്ള കമ്പാല ഹിൽസ്ലെ ഒരു കെട്ടിടത്തിന്റെ അടിയിലെ നിലവാരത്തിൽ. കെട്ടിടം ഒരു കുന്നിന്റെ വശത്തായിരുന്നതിനാൾ 3 നില കോണി ഇരുട്ടിൽ തപ്പിത്തടഞ്ഞു ഇറങ്ങണമായിരുന്നു, ഒരു ബെഡ്റൂമും ലിവിങ്റൂമുളള കിച്ചൺ അപ്പാർട്മെൻറ്റിൽ എത്തിപ്പെടുവാൻ. 4 പെൺകുട്ടികളും 2 ആൺകുട്ടികളുമായിരുന്നു. 2 അമ്മാമൻമാരും. നളിനിനാലാമത്തെ മകൾ. കണ്ണുകൾ വ്യത്യസ്തമായിരുന്നതിനാൽ എല്ലാവരും പൂച്ചക്കണ്ണി എന്ന് വിളിക്കുമായിരുന്നു. മിക്കവാറും ദിവസങ്ങളിൽ അമ്മയുടെ കൂടെ വാർഡൻ റോഡ് ബീച്ചിൽപോകും. അവിടെ അച്ഛൻ, ഭുലാഭായി ദേശായ് ബംഗ്ളാവിൽ ജോലി വൈകുന്നേരവും ചെയ്യാറുണ്ടായിരുന്നു. അതിനുശേഷം അച്ഛനൊരുമിച്ചു മടങ്ങും. ജീവിതം അന്നും ലളിതം. മുംബയിൽ പഠിക്കാൻ സാമ്പത്തികശേഷി ഇല്ലാതിരുന്നതിനാൽ വിദ്യാഭ്യാസം മാതാപിതാക്കളുടെ ജന്മനാടായ ചേർപ്പ് സി.എൻ.എൻ. സ്കൂളിൽ 10 കൊല്ലം പഠിച്ചു. സ്കൂളിൽ അത്യാവശ്യം ക്ലാസിക്കൽ ഡാൻസ് ചെയ്യുമായിരുന്നു. പിന്നീട് 2 കൊല്ലം മുംബയിലെ മഹർഷി ദയാനന്ദകോളേജിൽ സയൻസ് പഠനത്തിനുശേഷം പഠിപ്പു നിറുത്തി. ഇടക്കൊക്കെ സഹോദരൻമാരുടെ കൂടെ മുംബയിലെ ചെറിയമ്മമാരെയും അമ്മാമനെയും സന്ദർശിക്കുമായിരുന്നു.
അമേരിക്കയിലെ വീട് ന്യൂയോർക്കിൽ 5 കൊല്ലം സ്റ്റോണി ബ്രുക് യൂണിവേഴ്സിറ്റിക്കടുത്തുള്ള ഒരു വീട്ടിലായിരുന്നു താമസം. ഇന്ത്യൻ സൂപ്പർമാർക്കറ്റുകളും ഇന്ത്യക്കാരും തന്നെ അധികം ഇല്ലാത്ത കാലമായിരുന്നു. വീടിന്റെ താഴത്തെ നിലയിൽ ഡോ.കൃഷ്ണനും നളിനിയും. മുകളിൽ വളരെ പ്രായം ചെന്ന മിസ്സിസ് സാറ ഹാൻസനും. അവർ ഒരു ഹോംനേഴ്സ് ആയിരുന്നതിനാൽ വല്ലപ്പോഴുമേ താമസിക്കാറുള്ളു. മകൾ മിനി അവരുടെ കൂട്ടികാരി ആയിരുന്നു. മകൻ ജയനും അവിടെ ജനിച്ചു. അവർക്ക് സ്കൂളിൽ ചേരേണ്ട സമയമായപ്പോൾ ഒരു വീട് വാങ്ങിച്ചു. ആ വീട്ടിലെ ജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 52 വർഷം കഴിഞ്ഞു. 4 ബെഡ്റൂം ഉള്ള ഒരുനില കെട്ടിടം. 33 സെന്റ് പറമ്പും. വീടിന്റെ പിന്നിൽ ചുറ്റും കമ്പിവേലി. ഒരുവീടിന്റെ മുമ്പിലും വേലിയോ മതിലോ ഇല്ല. ആ വീട്ടിലെ തണുപ്പ് കാലത്തു ചില വർഷങ്ങളിൽ ഞങ്ങൾ 60 സെ.മീ കനത്തിലുള്ള മഞ്ഞ് കോരി കളയാറുണ്ട്. തണുത്തു വിറച്ചു ചെയ്യുന്ന ആ പണി ഇന്നും ഡോ.കൃഷ്ണൻ പലപ്പോഴും സന്തോഷപൂർവ്വം ചെയ്യുന്നുവെന്ന് നളിനി പറയുന്നു. ആ ജോലി, കുട്ടികാലത്തു പഠിച്ച പാഠ പുസ്തകത്തിലെ 'യാചകന്റെ പെട്ടി" എന്ന കഥ ഓർപ്പിക്കുന്നുവെന്ന് ഡോ.കൃഷ്ണൻ പറയുന്നു.
വിദ്യയാകുന്നു
സമ്പത്ത് ഡോ.കൃഷ്ണന്റെ പ്രേരണ കൊണ്ടാണ്, നളിനി സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കുന്ന കമ്പനിയിലെ ആറുമാസത്തെ താത്കാലികജോലി ഉപേക്ഷിച്ചത്. തുടർന്ന് വിദ്യാഭ്യാസ സംബന്ധമായ ക്ലാസുകൾ എടുത്തശേഷം അവിടത്തെ സ്കൂളിൽ ഒരു അദ്ധ്യാപക സഹായി ആയി വിഭിന്നശേഷിക്കാരുടെയും മാനസിക പ്രശ്നങ്ങൾ ഉള്ള കുട്ടികളുമായി 10 കൊല്ലം ഇടപഴകി. ഈ വിദ്യാഭ്യാസ പരിചയം അവരെ രണ്ടുപേരെയും ജീവിതമൂല്യങ്ങളിലേക്ക് വഴി തെളിയിച്ചു. വിദ്യാഭാസത്തിന്റെ ഉന്നതിയ്ക്കായി ഇരുവരും ചേർന്ന് പടുത്തുയർത്തിയ സോപാനത്തിന്റേയും (2010), ശ്രീലകം ലൈഫ്ലോങ്ങ്ലേർണിംഗ് ഇൻസ്റ്റിട്യൂട്ടിന്റെയും (2023) ഉദ്ഘാടനത്തിന് വിഭിന്നശേഷിക്കാർക്കും, ജോലിക്കാർക്കും, വിഭിന്ന സാമ്പത്തികാവസ്ഥയുള്ളവർക്കും വിഭിന്ന മതക്കാർക്കും, തുല്യ പ്രാധാന്യം നല്കിയിരുന്നു.കല്യാണത്തിന് മുമ്പ് തനിക്ക് വിദ്യ മാത്രമേ സ്വത്തായിട്ടുള്ളു എന്നും സ്നേഹം മാത്രമേ തരുവാനുള്ളു എന്നായിരുന്നു കൃഷ്ണൻ പറഞ്ഞിരുന്നത്. അത് മാത്രം മതി എന്നായിരുന്നു അന്നും ഇന്നും നളിനിയുടെ മറുപടി. വിദ്യക്കായി ജീവിതവും ജീവിത സമ്പാദ്യങ്ങളുംനീക്കിവെക്കുവാനും ഉപകരിച്ചു എന്ന് പറയുമ്പോൾ നളിനിക്ക് അത്യധികം സന്തോഷം. സമൂഹത്തിന് ജീവിതകാലം മുഴുവനുമുള്ള വിദ്യാഭ്യാസം നൽകുവാനുള്ള പദ്ധതികളുമായി മുന്നിട്ടിറങ്ങുമ്പോൾ, 2 മക്കളും ഒത്തുചേർന്നു എന്നത് മഹാഭാഗ്യമായും അവർ കരുതുന്നു.
കിൻഡർഗാർട്ടൻ മുതൽ 12ാം ക്ളാസ് വരെയുള്ള കൂട്ടികൾ, ബിരുദ വിദ്യാർത്ഥികൾ, ബിരുദാനന്തര വിദ്യാർഥികൾ, 16 കൊല്ലം ആറാം ക്ലാസ്സുവരെയുള്ള കുട്ടികളെയും അവരുടെ മാതാ പിതാക്കളെയും ഒരുമിച്ചു ചേർത്തുളള സയൻസ് പരീക്ഷണങ്ങൾ ശനിയാഴ്ചകളിൽ 3 മണിക്കൂർ വീതം ചെയ്യൽ (ഇതിൽ നളിനിയും പ്രധാന പങ്കാളിയായിരുന്നു), പൊതുജനങ്ങളെ ശാസ്ത്ര അഭിരുചികളാക്കി മാറ്റുവാനായി 800ൽ അധികം സയൻസ് മാജിക്ഷോ (അമേരിക്കയിലുടനീളം) 30 കൊല്ലം,70ൽ അധികം ശാസ്ത്രഗവേഷണ പ്രബന്ധങ്ങൾ, 12 ലേറെ പുസ്തക ചാപ്റ്റേഴ്സ്, 32 കൊല്ലം ഹൈസ്കൂളിൽ പഠിപ്പിക്കുന്നതോടൊപ്പം യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി അദ്ധ്യാപനവും ഗവേഷണവും... അങ്ങനെ നീളുന്നു ഡോ.കൃഷ്ണന്റെ ജീവിതം. 65 ാം വയസ്സിൽ അദ്ധ്യാപനം നിറുത്തി 10 കൊല്ലത്തെ കാൻസർ മെഡിസിനെ കുറിച്ചുള്ള ഗവേഷണം, തൃശൂരിലെ വിജ്ഞാൻ സാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് ഡെവലപ്മെന്റ്, ചേർപ്പിലെ വിനോദാധിഷ്ടിത വിദ്യഭ്യാസ സ്ഥാപങ്ങൾ (സോപാനം, ശ്രീലകം)... ഇതും അക്കൂട്ടത്തിൽ ചേർക്കേണ്ടതുണ്ട്. 32 കൊല്ലം ദിവസവും 16 മണിക്കൂർ വീതമായിരുന്നു ഡോ.കൃഷ്ണന്റെ ശാസ്ത്രഗവേഷണവും മറ്റു പരിപാടികളും. ക്ളാസുകൾ. 2 മക്കളുടെ പഠനം, കർണ്ണാടക സംഗീത പഠന ക്ലാസുകൾ, കോളേജ് പഠനം... അതിലെല്ലാം നളിനി കുടുംബത്തിന്റെ വിളക്കായി നിലകൊണ്ടു.
ഇരുവരും പഠിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സുഹൃത്ത് കോരമ്പത്തു ഗോപിനാഥന്റെ സഹായത്തോടുകൂടി 120 കോടി രൂപയുടെ പരിപാടി തയ്യാറാക്കുന്നതിലും 2കോടി രൂപ നൽകുന്നതിലുംകൃഷ്ണനും നളിനിയും അഭിമാനം കൊണ്ടു. 1984ൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗണിൽ നിന്നും സയൻസ് ആൻഡ് മാത്തമാറ്റിക്സ് പഠിപ്പിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന സമ്മാനംനേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായിരുന്നു കൃഷ്ണൻ. കൂടാതെ നിരവധി അവാർഡുകൾ നേടിയ ആദ്യ ഇന്ത്യക്കാരനും. 38 കൊല്ലത്തെ സർവീസിനുള്ള സർട്ടിഫിക്കറ്റും അവർ കൃഷ്ണനു നൽകി. കൂടാതെ ഇപ്പോൾ 5 കൊല്ലമായി ഈ അവാർഡ് നൽകുവാൻ ശുപാർശ ചെയ്യുന്ന നാഷണൽ സയൻസ് ഫൗണ്ടേഷൻ കമ്മിറ്റിയിലും അംഗമായി പ്രവർത്തിക്കുന്നു.
പൊതുവിദ്യാഭ്യാസത്തിനും ശാസ്ത്രപോഷണത്തിനുംവേണ്ടി ഇത്രയധികം ത്യാഗം ചെയ്തയാൾ ലോകത്തിൽവേറെ എവിടെ എങ്കിലും ഉണ്ടോ എന്ന് സംശയമാണ്. പക്ഷേ, തന്റെ റെക്കാഡ് ആരെങ്കിലും മറികടന്നു കാണണമെന്നമോഹത്തിലാണ് ഈ 87 കാരന്റെ ജീവിതം. ഇപ്പോഴും വിദ്യാഭ്യാസ പുരോഗതിക്കായി ഏകദേശം 16 മണിക്കൂർ വീതം ദിവസേന സമയം ചിലവഴിക്കുന്നു. (കുട്ടികളുടെ ശാസ്ത്രപരീക്ഷണങ്ങളുടേയും ശാസ്ത്ര പരിപോഷകർക്കു വേണ്ടി ശാസ്ത്രമാജിക്ക് ഷോ നടത്തുവാനുള്ള പരീക്ഷണങ്ങളും അടങ്ങുന്ന ഒരു പുസ്തകം തയ്യാറാക്കൽ, നളിനിയുടേയും സുഹൃത്തുക്കളുടേയും സഹായത്തോടുകൂടി). മുടക്കു ദിവസങ്ങളിൽ കുറച്ച്നേരം വിശ്രമിക്കൂ എന്ന് നളിനി എപ്പോൾ പറഞ്ഞാലും ഒരേ ഒരു മറുപടി മാത്രം കിട്ടും. മരിച്ചാൽ പിന്നെ എപ്പോഴും വിശ്രമമല്ലേ? ഡോ.കൃഷ്ണന്റെ ജീവിത വിജയം എല്ലാവരുടെയും വിജയമാണ്. അദ്ദേഹത്തിന്റെ അശീതി ആഘോഷിച്ചത് ചേർപ്പ് സോപാനത്തിൽ വെച്ചായിരുന്നു. 400 ൽ അധികം ടീച്ചർമാർ പങ്കെടുത്തു. രാജ്യമാകെ ആദരിച്ച 12 ടീച്ചർമാർ പങ്കെടുത്ത ഒരുദിവസത്തെ ആശയവിനിമയ പ്രഭാഷണങ്ങളുണ്ടായിരുന്നു.പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും പ്രോജെക്ടുകൾ ചെയ്യുവാനുള്ള ക്യാഷ് അവാർഡും നല്കിയിരുന്നു. ചേർപ്പ് പഞ്ചായത്തിലെ 35 അങ്കണവാടികൾക്ക് ഡെസ്കുകൾ സ്പെഷ്യൽ ആയി പണിയിച്ചു കൊടുത്തു. '80 വയസ്സ്, 8 ലക്ഷം രൂപ വിദ്യാഭ്യാസത്തിന്', ഇതായിരുന്നു ലക്ഷ്യം. നളിനിയുടെ പിറന്നാൾ മക്കളുടെ കൂടെ അമേരിക്കയിലാണ് ആഘോഷിക്കുന്നത്. എങ്കിലും പിറന്നാളിന് കൃഷ്ണൻ ആ തുക തന്നെ കോളേജുകളിൽ പ്രഭാഷണങ്ങൾക്കായി നീക്കി വെച്ചു. അതിൽ ഈ കുടുംബം അഭിമാനിക്കുന്നു. കോളേജുകളും വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ഉള്ള ഐക്യം വർദ്ധിപ്പിക്കുവാനും ജീവിതകാലം മുഴുവൻ നിലനിൽക്കുവാനുമുളള രാസത്വരകങ്ങൾ ആകുന്നു ഈ കുടുംബം, അതൊരു രസതന്ത്രമാകുന്നു.
ഡോ. കൃഷ്ണന്റെ ജീവിതത്തിന് വഴിവിളക്കായ നളിനി
ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് നളിനി ഒരു യാത്ര പുറപ്പെട്ടത് അമേരിക്കയിലേക്കായിരുന്നു, അവിടെ ഗവേഷണം നടത്തുന്ന ഡോ.കൃഷ്ണന്റെ അടുത്തേക്ക്. നവംബർ 7 ന് രാത്രി സാൻഡാക്രൂസ് വിമാനത്താവളത്തിൽ ബന്ധുക്കളുടെ കൂടെ എത്തി. ടിക്കറ്റ് കൗണ്ടറിൽ രജിസ്റ്റർ ചെയ്തപ്പോഴാണ് അറിയുന്നത് എയർ ഇന്ത്യാ ജീവനക്കാർ ലണ്ടനിൽ പണിമുടക്കിലാണെന്നും വേറെ കണക്ഷൻ ഏർപ്പാടുചെയ്തിട്ടുണ്ടെന്നും. സെൽഫോൺ വരുന്നതിനു മുമ്പുള്ള കാലമായിരുന്നു. താമസിക്കുന്ന സ്ഥലത്തേക്ക് ടെലഗ്രാം അയച്ചാൽ അവിടെയും ആരും ഇല്ല. എയർപോർട്ടിൽ കാത്തുനിൽക്കുന്ന കൃഷ്ണനെ അറിയിക്കുവാൻ യാതൊരു മാർഗ്ഗവും ഇല്ലായിരുന്നു. ലണ്ടനിൽ എത്തിയപ്പഴേക്കും അവർ ഏർപ്പാടാക്കിയിരുന്ന വിമാനം പോയി കഴിഞ്ഞിരുന്നു. ധൈര്യം മാത്രമായിരുന്നു കൂട്ട്. അവർ തന്നെ വേറെ ഫ്ളൈറ്റ് അറേഞ്ച് തന്നതിൽ കയറി ന്യൂയോക്കിലെ കെന്നഡി എയർപോർട്ടിൽ എത്തിയപ്പോഴേക്കും 8 മണിക്കൂറിലധികം വൈകി. സമയം 8 ന് രാത്രി പതിനൊന്നര മണി ആയിരുന്നു. അന്നേരം വരെ കൃഷ്ണനും കൂട്ടുകാരൻ ഡോ. ഗോപിനാഥനും അദ്ദേഹത്തിന്റെ ഭാര്യ രത്നവും കൊച്ചുമകൾ രോഷിണിയും കാത്തു നിന്നിരുന്നു. അവരെ അവിടെ കണ്ടില്ലായിരുന്നു എങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടാകുമോ എന്ന് സംശയമാണെന്ന് നളിനി അൽപ്പം ഉൾക്കിടിലത്തോടെ ഇന്നും ഓർക്കുന്നു.