ചതുരംഗത്തിലെ ചിരിക്കുട്ടി

Sunday 03 August 2025 3:19 AM IST

നിലാവ് വിരിയുന്നതുപോലെ ഒഴുകിപ്പരക്കുന്ന ഒരു ചിരിയാണ് ദിവ്യാ ദേശ്‌മുഖ് എന്ന പത്തൊമ്പതുകാരി. കരുനീക്കങ്ങളുടെ കാർക്കശ്യംകൊണ്ട് കലുഷിതമാകുന്ന മുഖഭാവങ്ങളാണ് സാധാരണ ചെസ് ബോർഡിന് ഇരുപുറവുമെങ്കിൽ,​ വശ്യമായ ചിരികൊണ്ടാണ് ജോർജിയയിലെ ബാത്തുമിയിൽ നടന്ന ഫിഡെ വനിതാ ചെസ് ലോകകപ്പിൽ കിരീടം നേടിയ ദിവ്യ വ്യത്യസ്തയാകുന്നത്.

കൗമാരം കടക്കുംമുമ്പേ ചെസ് ലോകകപ്പിൽ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ച മധുരപ്പത്തൊമ്പതുകാരി! ടൈബ്രേക്കർവരെ നീണ്ട ഫൈനലിൽ, തന്റെ ഇരട്ടി പ്രായവും രണ്ട് റാപ്പിഡ് ലോകചാമ്പ്യൻഷിപ്പുകളിൽ കിരീടം നേടിയ അനുഭവസമ്പത്തുമുണ്ടായിരുന്ന കൊനേരു ഹംപിയെ ഉത്തരംമുട്ടിച്ചാണ് ദിവ്യയുടെ കന്നി ലോകകപ്പ് കിരീടം. കഴിഞ്ഞ വർഷം ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം നേടിയ ഈ കൗമാര പ്രതിഭയാണ് ഇപ്പോൾ വനിതാ ചെസിന്റെ ഇന്ത്യൻ മുഖം. വയസ് 20 തികഞ്ഞിട്ടില്ലെങ്കിലും ഇന്ത്യയുടെ മൂന്ന് ചെസ് ഒളിമ്പ്യാഡുകളിലെ മെഡൽ നേട്ടത്തിൽ പങ്കാളിയായ ദിവ്യ അടുത്തവർഷത്തെ ലോക ചാമ്പ്യൻഷിപ്പിനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്കും യോഗ്യത നേടിക്കഴിഞ്ഞു.

ബാത്തുമിയിൽ ലോകകപ്പ് കളിക്കാൻ പോകുമ്പോൾ ദിവ്യാ ദേശ്‌മുഖ് ഇന്റർനാഷണൽ മാസ്റ്റർ മാത്രമായിരുന്നു. ചെസിലെ ഉന്നതപദവിയായ ഗ്രാൻഡ്മാസ്റ്റർ സ്ഥാനത്തേക്ക് എത്താൻ പിന്നെയും മൂന്ന് കടമ്പകൾ (നോമുകൾ) ബാക്കി. ബാത്തുമിയിൽ ദിവ്യയ്ക്കൊപ്പം ലോകകപ്പ് കളിച്ച മറ്റ് മൂന്ന് ഇന്ത്യക്കാരും (കൊനേരു ഹംപി, ഡി. ഹരിക, ആർ. വൈശാലി) ഗ്രാൻഡ്മാസ്റ്റർമാർ. ഏഴു റൗണ്ട് നീണ്ട ലോകകപ്പിൽ തന്നെക്കാൾ പ്രായത്തിലും പദവിയിലും മുന്നിലുള്ളവരെ മലർത്തിയടിച്ച് ലോക കപ്പുമായി തിരിച്ചെത്തിയ ദിവ്യയുടെ ശിരസിൽ മറ്റൊരു കിരീടം കൂടിയുണ്ട്; ഗ്രാൻഡ് മാസ്റ്റർ പദവി!

ലോകകപ്പ് നേടിയതോടെ മൂന്ന് നോമുകളും ഒറ്റയടിക്ക് അനുവദിച്ചാണ് ഫിഡെ ദിവ്യയെ ഗ്രാൻഡ്മാസ്റ്ററായി പ്രഖ്യാപിച്ചത്. ഗ്രാൻഡ്മാസ്റ്റർ പട്ടം നേടുന്ന നാലാമത്തെ ഇന്ത്യക്കാരി! 2002-ൽ ഹംപി,​ പതിനഞ്ചാം വയസിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗ്രാൻഡ്മാസ്റ്ററാകുന്ന ഇന്ത്യൻ വനിതയാകുമ്പോൾ ദിവ്യ ജനിച്ചിട്ടില്ല. 2011-ൽ ഹരിക ഗ്രാൻഡ്മാസ്റ്ററാകുമ്പോൾ ദിവ്യയ്ക്ക് ആറുവയസ്. ബാത്തുമിയിൽ ഇവരെ രണ്ടുപേരേയും ദിവ്യ തോൽപ്പിച്ചിരുന്നു.

സ്റ്റെത്തിന് പകരം

ചെസ് ബോർഡ്

നാഗ്പൂരിലെ ഡോക്ടർ ദമ്പതികളുടെ മകളാണ് ദിവ്യ. അച്ഛൻ ഡോ. ജിതേന്ദ്ര ദേശ്‌മുഖ് നാഗ്പൂർ മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ്. അമ്മ നമ്രതയും ഗൈനക്കോളജിസ്റ്റ് തന്നെ. തന്റെ സ്റ്റെതസ്കോപ്പിൽ കളിച്ചിരുന്ന ദിവ്യയുടെ കൈകളിലേക്ക് അച്ഛനാണ് ചെസ് ബോർഡ് നൽകിയത്. അഞ്ചു വയസുള്ളപ്പോൾ അവൾ കരുക്കളുടെ കളിക്കൂട്ടുകാരിയായി. വീട്ടുകാരെത്തന്നെ ഞെട്ടിച്ചാണ് ഏഴാം വയസിൽ സംസ്ഥാനതല ടൂർണമന്റിൽ ദിവ്യ ജേതാവായത്. മകൾക്ക് ചെസിൽ ഭാവിയുണ്ടെന്ന് ജിതേന്ദ്രയും നമ്രതയും അതോടെ തിരിച്ചറിഞ്ഞു.

അവൾക്ക് മികച്ച പരിശീലനത്തിനുള്ള സൗകര്യം നൽകി. നാഗ്പൂരിൽത്തന്നെയുള്ള രാഹുൽ ജോഷിയായിരുന്നു ആദ്യ കോച്ച്. ഇദ്ദേഹം പിന്നീട് 40-ാം വയസിൽ മരണപ്പെട്ടു. താൻ നേടിയ ഗ്രാൻഡ്മാസ്റ്റർ പദവി രാഹുലിനാണ് ദിവ്യ സമർപ്പിച്ചത്. ലോക കപ്പുമായി നാഗ്പൂരിൽ തിരിച്ചെത്തിയ ദിവ്യ,​ രാഹുലിന്റെ ഫോട്ടോ ഉയർത്തിക്കാട്ടുകയും,​ തന്നെയൊരു ഗ്രാൻഡ് മാസ്റ്ററായി കാണണമെന്നത് രാഹുൽ സാറിന്റെ വലിയ ആഗ്രഹമായിരുന്നെന്ന് പറയുകയും ചെയ്തു. തന്റെ നേട്ടത്തിൽ പങ്കാളിയാകാൻ അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതാണ് ഈ ആനന്ദവേളയിലും സങ്കടമെന്ന് ദിവ്യ പറയുന്നു.

അച്ഛന്റെ കൈപിടിച്ച്

അമ്മക്കുട്ടിയായി...

സ്വദേശത്തും വിദേശത്തും നിരവധി വിജയങ്ങൾ ദിവ്യ ചെറുപ്രായത്തിൽത്തന്നെ നേടി. കരിയറിന്റെ തുടക്കകാലത്ത് അച്ഛനാണ് മത്സരവേദികളിൽ ദിവ്യയ്ക്കൊപ്പം എത്തിയിരുന്നത്. പിന്നീട് അച്ഛന്റെ ജോലിത്തിരക്കു കാരണം അമ്മ ആ റോളിലേക്കു വന്നു. തീർത്തും 'അമ്മക്കുട്ടി"യാണ് താനെന്ന് ദിവ്യ പറയുന്നു. എല്ലാറ്റിനും ഒരു വിളിപ്പുറത്ത് അമ്മ വേണം. അമ്മ അടുത്തുണ്ടെങ്കിൽ വേറേ ഒരു കാര്യത്തിലും ടെൻഷൻ വേണ്ട; ചെസിൽ മാത്രം ശ്രദ്ധിച്ചാൽ മതി. ഉടുപ്പും ചെരുപ്പുമെല്ലാം അമ്മ കൊണ്ടുത്തരും. ബാത്തുമിയിൽ ലോകകപ്പ് നേടിയ ഉടൻ സന്തോഷംകൊണ്ട് ദിവ്യ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.

ക്രിക്കറ്റ് കളത്തിലെ 'ക്യാപ്ടൻ കൂൾ" മഹേന്ദ്ര സിംഗ് ധോണിയെപ്പോലെയാണ് ചെസ് ബോർഡിനു മുന്നിൽ ദിവ്യയെന്നാണ് മുൻ കോച്ച് ശ്രീനാഥ് നാരായണൻ പറയുന്നത്. എത്ര കടുത്ത എതിരാളിയാണെങ്കിലും, കടുത്ത മത്സരമാണെങ്കിലും മറ്റുള്ള കളിക്കാർ സമ്മർദ്ദത്തിലാകുമ്പോൾ ദിവ്യ കൂളായിരിക്കും. ഹംപിക്ക് എതിരായ മത്സരത്തിനിടെ ദിവ്യ എന്തോ ആലോചിച്ച് പുഞ്ചിരിച്ചുകൊണ്ടിരുന്നതു കണ്ട് കമന്റേറ്റർമാർവരെ അത്ഭുതപ്പെട്ടുപോയി. മറ്റുള്ളവർ ടെൻഷനടിച്ചിരിക്കുമ്പോൾ ചിരിക്കുന്ന ശീലം ദിവ്യയ്ക്ക് പണ്ടേയുള്ളതാണെന്ന് ശ്രീനാഥ് നാരായണൻ സാക്ഷ്യപ്പെടുത്തുന്നു.

2018-ൽ തുർക്കിയിൽ നടന്ന യൂത്ത് ഒളിമ്പ്യാഡിനു പോകാൻ എയർപോർട്ടിലെത്തിയപ്പോഴാണ് ശ്രീനാഥ് ആദ്യം ദിവ്യയെ കാണുന്നത്. ആ ടീമിന്റെ കോച്ചായിരുന്നു ശ്രീനാഥ്. അന്ന് അധികമൊന്നും പേരുകേട്ടിട്ടില്ലാത്ത പതമൂന്നുകാരി. പക്ഷേ ആൾ പുലിയാണെന്ന് തിരിച്ചറിഞ്ഞത് തുർക്കിയിൽ ചെന്ന് കളി തുടങ്ങിയപ്പോഴാണ്. റേറ്റിംഗിൽ മുന്നിലുള്ള താരങ്ങളെയാെക്കെ ഒരു പേടിയും കൂടാതെയാണ് ദിവ്യ നേരിട്ടത്. അതോടെ ശ്രീനാഥ് അവളിൽ കൂടുതൽ ശ്രദ്ധിച്ചു. പിന്നീട് രണ്ടുവർഷത്തോളം പ്രത്യേക പരിശീലനം നൽകി. കൊവിഡ് കാലംവരെ ദിവ്യ ശ്രീനാഥിന്റെ ശിഷ്യയായിരുന്നു.

നിഹാൽ അന്നേ

കളിക്കൂട്ടുകാരൻ

2014-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ 10 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യനായത് മലയാളിപ്പയ്യൻ നിഹാൽ സരിൻ. പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണർഅപ്പായത് ദിവ്യാ ദേശ്‌മുഖ്. അവസാന റൗണ്ടുവരെ ഒന്നാം സ്ഥാനത്തുനിന്ന ദിവ്യ അന്ന് ടൈബ്രേക്കറിലാണ് ലോക ചാമ്പ്യൻ പട്ടം കൈവിട്ടത്. ദക്ഷിണാഫ്രിക്കയിലേക്കുള്ള ആ യാത്രയിൽ തുടങ്ങിയതാണ് ദിവ്യയും നിഹാലും തമ്മിലുള്ള സൗഹൃദം. ദിവ്യ ലോകചാമ്പ്യനായപ്പോൾ നിഹാൽ പങ്കുവച്ചത് 11 വർഷംമുമ്പുള്ള ഇരുവരുടെയും ചിത്രമാണ്.

ഇരുവരുടെയും മാതാപിതാക്കളും ഉറ്റസുഹൃത്തുക്കൾ. തങ്ങൾ ഒരേ പ്രൊഫഷനിലുള്ളവരായതാണ് സൗഹൃദം ശക്തമാക്കിയതെന്ന് നിഹാലിന്റെ പിതാവ് ഡോ. സരിൻ പറയുന്നു. വിദേശത്ത് കുട്ടികൾക്കൊപ്പം ടൂർണമെന്റിനു പോകുമ്പോൾ മാതാപിതാക്കളുടെ സൗഹൃദവും ഊഷ്മളമായി. ജൂനിയർ തലം മുതൽ മിക്ക ടൂർണമെന്റുകളിലും ദിവ്യയും നിഹാലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. 2023-ൽ ചെന്നൈയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ നിഹാൽ പുരുഷ ടീമിലും ദിവ്യ വനിതാ ടീമിലും അംഗമായിരുന്നു.

ബാത്തുമിയിൽ കൊനേരു ഹംപിയെ കീഴടക്കി ദിവ്യാ ദേശ്‌മുഖ് കിരീടമണിയുന്നതു കാണാൻ കാണികളാരും ഉണ്ടായിരുന്നില്ല. മറ്റ് കായിക ഇനങ്ങളിൽ കളിക്കാരെ പ്രചോദിപ്പിക്കാൻ കാണികളുടെ ആരവങ്ങൾ മുഴങ്ങുമ്പോൾ ചെസിൽ വ്യത്യസ്തമാണ്. അന്താരാഷ്ട്ര ചെസ് സംഘടനയുടെ നിയമപ്രകാരം ടൈബ്രേക്കർ മത്സരങ്ങൾക്ക് ആദ്യ അരമണിക്കൂർ മാത്രമാണ് കാണികൾക്ക് മത്സരങ്ങൾ നേരിട്ടു വീക്ഷിക്കാൻ അവസരം. കാണികളുടെ കമന്റുകളും ചലനങ്ങളുമൊക്കെ മത്സരത്തിലെ കരുനീക്കങ്ങളെ സ്വാധീനിക്കാൻ ഇടയുള്ളതിനാലാണ് ഫിഡെ കാണികളെ മാറ്റിനിറുത്തുന്നത്. മത്സരത്തിന്റെ നിയന്ത്രണ ചുമതലയുള്ള ആർബിട്രേറ്റർമാർക്കു മാത്രമാണ് പിന്നീട് മത്സര വേദിക്കരികിൽ സ്ഥാനം.

ലോക കപ്പായാലും ലോക ചാമ്പ്യൻഷിപ്പായാലും വിജയമുഹൂർത്തങ്ങൾ അധികം ആവേശം സൃഷ്ടിക്കാറുമില്ല. സമ്മർദ്ദം മുറ്റിനിൽക്കുന്ന മണിക്കൂറുകൾക്കു ശേഷം വിജയത്തിലെത്തുമ്പോൾ ഒരുനിമിഷം മനസൊന്ന് വിങ്ങും. പിന്നെ ശാന്തത കൈവരിക്കും. അതാണ് ചെസ് ചാമ്പ്യന്മാരുടെ മനോനില. കുറച്ചുനാൾ മുമ്പ് ലോകചാമ്പ്യൻ ഡി. ഗുകേഷിനെതിരെ തോറ്റ നിമിഷം ലോക ഒന്നാംനമ്പർ താരം മാഗ്നസ് കാൾസൺ കളിമേശയിൽ മുഷ്ടിചുരുട്ടിയടിച്ച് ദേഷ്യം തീർത്തത് വലിയ വാർത്തയായത് ഇത്തരം സംഭവങ്ങൾ അസാധാരണമായതിനാലാണ്.

ഉറക്കം, ഉറക്കം,​ ഉറക്കം... അതാണ് തന്റെ പ്രധാന വിനോദമെന്ന് ദിവ്യ പറയുന്നു. ചെസ്ബോർഡിനും ലാപ്ടോപ്പിനും മുന്നിൽ മണിക്കൂറുകൾ നീളുന്ന മത്സരങ്ങളും പരിശീലനവും കഴിഞ്ഞാൽ മനസിനും ശരീരത്തിനും കൃത്യമായ വിശ്രമം നൽകാൻ ശ്രദ്ധിക്കും. നിശ്ചിത സമയത്തെ ഉറക്കംവിട്ട് ഒരു കളിയുമില്ല. ലോക കപ്പിൽ ഹംപിയും ചൈനീസ് താരവും തമ്മിലുള്ള സെമി ഫൈനൽ ടൈബ്രേക്കറിലേക്ക് കടന്നപ്പോൾ,​ തനിക്ക് നന്നായി ഉറങ്ങാൻ ഒരു ദിവസം കൂടി കിട്ടുമല്ലോ എന്ന സന്തോഷത്തിലായിരുന്നു,​ നേരത്തേ ഫൈനലിൽ എത്തിയിരുന്ന ദിവ്യ!

പിങ്ക് കുർത്ത

ഭാഗ്യ വേഷം

അത്ര ഫാഷൻ പ്രേമിയല്ലെങ്കിലും വസ്ത്രങ്ങളുടെ കാര്യത്തിൽ ചെറിയ ചില അന്ധവിശ്വാസങ്ങൾ തനിക്കുണ്ടെന്ന് ദിവ്യ പറയുന്നു. ലോകകപ്പിൽ ഫൈനലിൽ ഉൾപ്പടെ മൂന്ന് തവണയാണ് ദിവ്യ ടൈബ്രേക്കറിന് ഇറങ്ങിയത്. ഈ മൂന്ന് ടൈബ്രേക്കറുകളിലും ധരിച്ചത് ഒരേ വസ്ത്രം; പിങ്ക് പ്രിന്റഡ് കുർത്തയും ബീജ് പാന്റും! ടൈബ്രേക്കറിൽ ഈ കുപ്പായമിട്ടാൽ ജയിക്കുമെന്നത് ഒരു വിശ്വാസമാണ്.

മുമ്പും പ്രധാന മത്സരങ്ങൾക്ക് ഇറങ്ങുമ്പോൾ ഈ ഡ്രസ് ധരിച്ചിട്ടുണ്ട്. അതിട്ടിറങ്ങി ഇതുവരെ തോറ്റിട്ടുമില്ല. അതുകൊണ്ട് നിർണായക മത്സരങ്ങൾക്കു വേണ്ടി ഈ കുപ്പായം മാറ്റിവച്ചിരിക്കുകയാണ് ദിവ്യ. മറ്റ് ഡ്രസുകളെല്ലാം സെലക്ട് ചെയ്യുന്നത് അമ്മയാണ്. വലിയ അലങ്കാരങ്ങളില്ലാത്ത സിംപിൾ ഡ്രസുകൾ മതിയെന്നേ അമ്മയോട് പറയാറുള്ളൂ.

കളിക്കു മുമ്പും ശേഷവും മനസ് ശാന്തമാക്കാൻ പാട്ടു കേൾക്കുന്നതാണ് ദിവ്യയുടെ പതിവ്. പക്ഷേ സിനിമ കാണാൻ താത്പര്യമില്ല. അടുത്ത കാലത്തെങ്ങും സിനിമ കണ്ടിട്ടുമില്ല. കേൾക്കുന്ന പാട്ടുകൾ ഭാഗ് മിൽഖാ ഭാഗ്, മേരികോം എന്നീ ഹിന്ദി സിനിമകളിലേതാണ്. ഓട്ടക്കാരൻ മിൽഖാ സിംഗിന്റെ കഥയാണ് ജീവിതത്തിലെ ഏറ്റവും ശക്തമായ പ്രചോദനം. ചെസു കളിയില്ലാത്ത സമയത്ത് ടി.വിയിൽ ടെന്നിസും ഫുട്ബാളുമൊക്കെ കാണും. ക്രിക്കറ്റിനോട് അത്ര താത്പര്യം പോരാ.