"എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് നവാസിക്ക"; ഭാര്യ രെഹ്നയുടെ വാക്കുകൾ

Saturday 02 August 2025 12:39 PM IST

കഴിഞ്ഞ ദിവസമാണ് കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്പത്തിയൊന്നാം വയസിലാണ് അദ്ദേഹത്തിന്റെ അന്ത്യം. നവാസിന്റെ വിയോഗ വാർത്ത അറിഞ്ഞതുമുതൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരുമൊക്കെ ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന ഒന്നുണ്ട്, ഭാര്യയും നടിയുമായ രെഹ്ന എങ്ങനെ ഇതിനെ അതിജീവിക്കുമെന്ന്.

യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ഒരു ഫാമിലിമാനായിരുന്നു നവാസെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഭാര്യയും മക്കളുമായിരുന്നു അദ്ദേഹത്തിന് എല്ലാം. തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം നവാസിക്കയാണെന്ന് രെഹ്ന മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ വാക്കുകളും ഇന്ന് നോവായി മാറുകയാണ്.

രെഹ്നയുടെ വാക്കുകൾ:

'നവാസിക്കയ്ക്ക് എപ്പോഴും ഭയങ്കര പോസിറ്റീവ് എനർജിയാണ്. പെട്ടന്നൊന്നും ദേഷ്യം വരില്ല. ഭയങ്കര കൂളാണ്. വീട്ടിൽ സമാധാനപരമായ അന്തരീക്ഷം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്. നവാസിക്ക എല്ലാ കാര്യവും വേഗം ആക്സപ്റ്റ് ചെയ്യും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഫീൽ ചെയ്യുകയൊന്നുമില്ല. എല്ലാത്തിനെയും പോസിറ്റീവായി കാണും.'- എന്നായിരുന്നു രെഹ്ന അന്ന് പറഞ്ഞത്.

ചോറ്റാനിക്കരയിലെ ലോഡ്‌ജിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിംഗിനായി എത്തിയതായിരുന്നു. രാത്രിയോടെയാണ് മുറിയിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദായഘാതമാണെന്നാണ് പ്രാഥമികവിവരം. മക്കൾ: നവാസ് നഹ്റിയാൻ, റിദ്‌വാൻ, റിഹാൻ. സിനിമാ - നാടക നടനായ അബൂബക്കറിന്റെ മകനാണ്.