സമീറ വിവാഹത്തട്ടിപ്പിന് ഇരയാക്കിയത് സ്വന്തം സമുദായത്തിലെ പുരുഷന്മാരെ, കൈക്കലാക്കിയത് ലക്ഷങ്ങൾ
നാഗ്പൂർ: എട്ടുപുരുഷന്മാരെ വിവാഹം കഴിക്കുകയും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി അവരിൽ നിന്ന് വൻതുക കൈക്കലാക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. ഏഴുവർഷത്തിലേറെ ഒളിവിൽ കഴിയുകായിരുന്ന സമീറ ഫാത്തിമയെ കഴിഞ്ഞദിവസമാണ് നാഗ്പൂർ പൊലീസ് അറസ്റ്റുചെയ്തത്. 15 വർഷത്തോളമായി ഇവർ ഇത്തരത്തിൽ തട്ടിപ്പുനടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെ വിവാഹിതരായ പുരുഷന്മാരെ പിന്തുടർന്നശേഷമാണ് ഇരകളെ കണ്ടെത്തുന്നത്. ധനവാന്മാരായ മുസ്ലീം പുരുഷന്മാരെ മാത്രമാണ് തട്ടിപ്പിനിരയാക്കുന്നത്. താൻ വിവാഹമോചനം നേടിയ സ്ത്രീയാണെന്നും മറ്റ് ബാദ്ധ്യതകളൊന്നുമില്ലെന്നും സമീറ അവരെ വിശ്വസിപ്പിക്കും. തുടർന്ന് പല വഴികളിലൂടെയും പുരുഷന്മാരുടെ വിശ്വാസം പിടിച്ചുപറ്റും. പിന്നീടാണ് വിവാഹകാര്യം അവതരിപ്പിക്കുന്നത്. ഒരുപ്രശ്നവും ഉണ്ടാക്കില്ലെന്നും രണ്ടാം ഭാര്യയായി ജീവിക്കാൻ സമ്മതമാണെന്നും അറിയിക്കും. ഇതുവിശ്വസിച്ച് വിവാഹം കഴിച്ചവരാണ് സമീറയുടെ തനിസ്വരൂപം കണ്ടത്.
ആദ്യരാത്രിമുതൽ തന്നെ സമീറ ഭീഷണി തുടങ്ങും. നിയമപരമായി വിവാഹമോചനം നേടാതെയാണ് വിവാഹം കഴിച്ചതെന്നും ഇതിനെതിരെ താൻ കേസുകാെടുക്കും എന്നൊക്കെപറഞ്ഞാണ് ഭീഷണി തുടങ്ങുക. എങ്ങനെയും കേസ് ഒഴിവാക്കണമെന്ന് ഇരകൾ ആവശ്യപ്പെടുന്നതോടെയാണ് സമീറ അടുത്ത നമ്പരിറക്കുന്നത്. കേസ് കൊടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നാവശ്യപ്പെടും. ലക്ഷങ്ങളാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. പണം കിട്ടുന്നതോടെ സമീറ മുങ്ങും. പിന്നെ അടുത്ത ഇരയുടെ അടുത്താണ് പൊങ്ങുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഓരാേകേസിലും ഓരോ രീതിയാണ് സമീറ സ്വീകരിച്ചിരുന്നത്.
2023 മാർച്ചിൽ ഗുലാം പത്താൻ എന്നയാളാണ് സമീറയ്‌ക്കെതിരെ ആദ്യം പരാതി നൽകിയത്. 2010മുതൽ സമീറ വിവാഹതട്ടിപ്പ് നടത്തി പലരിൽ നിന്നായി പത്തുമുതൽ 50 ലക്ഷംവരെ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. സമീറ നേരത്തേ സ്കൂൾ അദ്ധ്യാപികയായി ജോലിനോക്കിയിരുന്നു എന്നും പൊലീസ് പറയുന്നു.