വമ്പൻ ഫ്രീഡം ഓഫർ, വെറും ഒരു രൂപ മതി; അൺലിമിറ്റഡ് കോളും ഡാറ്റയും കിട്ടും

Saturday 02 August 2025 2:26 PM IST

ഉപയോക്താക്കളെ ആകർഷിക്കാനായി വമ്പൻ ഓഫറുമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി എസ് എൻ എൽ). വെറും ഒരു രൂപയ്ക്ക് അൺലിമിറ്റഡ് വോയ്സ് കോളുകളും 4ജി ഡാറ്റയുമാണ് ബി എസ് എൻ എൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. എക്‌സിലൂടെയാണ് ബി എസ് എൻ എൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫ്രീഡം ഓഫർ ഓഗസ്റ്റ് 31 വരെ ലഭ്യമാകുമെന്ന് ബി എസ് എൻ എൽ അറിയിച്ചു. ഒരു രൂപയ്‌ക്ക്‌ അൺലിമിറ്റഡ് ലോക്കൽ, നാഷണൽ വോയ്സ് കോളുകൾ, പ്രതിദിനം 100 എസ് എം എസ്, എല്ലാ ദിവസവും രണ്ട് ജിബി 4ജി മൊബൈൽ ഡാറ്റ, ഫ്രീ സിം എന്നിങ്ങനെയാണ് ഓഫർ.

ഓരോ ദിവസത്തെയും മൊബൈൽ ഡാറ്റ തീർന്നുപോകുമ്പോൾ ഇന്റർനെറ്റ് വേഗത 40kbps ആയി കുറയുമെന്നും അധികൃതർ അറിയിച്ചു. ബി എസ് എൻ എല്ലിന്റെ പുതിയ ഫ്രീഡം ഓഫർ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ബാധകമാകൂ. അതായത് നിലവിൽ നിങ്ങൾ ബി എസ് എൻ എൽ കസ്റ്റമറാണെങ്കിൽ ഈ ഓഫർ ലഭിക്കില്ല.

അടുത്തുള്ള ബി എസ് എൻ എൽ റീട്ടെയിലർ അല്ലെങ്കിൽ കോമൺ സർവീസസ് സെന്ററുകൾ സന്ദർശിച്ചാൽ പുതിയ സിം കാർഡ് ലഭിക്കും. ബി എസ് എൻ എല്ലിന്റെ സിം കാർഡ് ഡോർ സ്‌റ്റെപ് ഡെലിവറി സേവനം ഉപയോഗിക്കുന്നവർക്ക് ഫ്രീഡം ഓഫർ ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഒരു വർഷത്തേക്ക്1999 രൂപയുടെ റീചാർജ് പ്ലാനും ബി എസ് എൻ എൽ അവതരിപ്പിച്ചിട്ടുണ്ട്. 600 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും ലഭിക്കും.