10 ലക്ഷം വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ, നൽകുക കൂട്ടുകാർക്ക്
തിരുവനന്തപുരം: സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ. ലോകസൗഹൃദ ദിനമായ ഓഗസ്റ്റ് മൂന്നിനും തുടർന്നുള്ള ദിവസങ്ങളിലുമാണ് തൈകൾ കൈമാറാൻ ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരുകോടി വൃക്ഷത്തൈകൾ നടാൻ ലക്ഷ്യമിട്ടുള്ള 'ഒരു തൈ നടാം' എന്ന ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ചങ്ങാതിക്കൊരു തൈ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.
സൗഹൃദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലൂടെ 10 ലക്ഷത്തിലധികം വൃക്ഷത്തൈകളുടെ കൈമാറ്റം നടക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അറിയിച്ചു. ഒരു തൈ നടാം ക്യാമ്പയിനിൽ ഇതുവരെ 29 ലക്ഷത്തോളം തൈകൾ നട്ടുകഴിഞ്ഞു. ഇതിന് പുറമെയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ 10 ലക്ഷം തൈകൾ കൂടി നടുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറാൻ ലക്ഷ്യമിടുന്നത്. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താനും നെറ്റ് സീറോ കാർബൺ കേരളം, പരിസ്ഥിതി പുന:സ്ഥാപനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ലോകസൗഹൃദ ദിനത്തിൽ ചങ്ങാതിക്കൊരു തൈ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.