തൊളിക്കോട് പുളിമൂട്ടിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം
വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് ജംഗ്ഷനിൽ പുതിയ കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ തൊളിക്കോട് പഞ്ചായത്ത് 15 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചിരുന്ന വെയിറ്റിംഗ് ഷെഡാണ് ഒരുവർഷം മുൻപ് പൊളിച്ചുമാറ്റിയത്. ഇവിടെ റോഡിന്റെ ഒരുവശത്ത് കാത്തിരിപ്പുകേന്ദ്രമുണ്ട്. വില്ലേജ് ഓഫീസും, കൃഷിഭവനും സ്ഥിതിചെയ്യുന്ന പ്രധാനവശത്തെ കാത്തിരിപ്പുകേന്ദ്രമാണ് പൊളിച്ചത്.
ചുള്ളിമാനൂർ പൊൻമുടി റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെയിറ്റിംഗ് ഷെഡ് പൊളിച്ചത്. പകരം പുതിയ കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചു നൽകുമെന്ന് കരാറുകാരൻ വാഗ്ദാനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. മാത്രമല്ല കരാറുകാരർ പണി ഉപേക്ഷിച്ചുപോകുകയും ചെയ്തു.
പുളിമൂട്ടിൽ അടിയന്തരമായി വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയും പൊൻമുടി റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ് അറിയിച്ചു.
യാത്രക്കാർ വലയുന്നു
തിരുവനന്തപുരം, നെടുമങ്ങാട്. ചുള്ളിമാനൂർ, പാലോട് ഭാഗത്തേക്ക് പോകുന്നതിനായി ധാരാളം യാത്രക്കാർ ഇവിടെ എത്താറുണ്ട്. വെയിറ്റിംഗ്ഷെഡ് ഇല്ലാത്തതിനാൽ മഴയും വെയിലുമേറ്റ് റോഡിൽ നിൽക്കേണ്ട അവസ്ഥയാണ് നിലവിൽ. മഴയായതോടെ യാത്രക്കാർ ഏറെ വലയുകയാണ്.
കാത്തിരിപ്പിൽ ജനങ്ങൾ
വെയിറ്റിംഗ് ഷെഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ പുളിമൂട് നിവാസികൾ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. മാത്രമല്ല സമരങ്ങളും അരങ്ങേറി. വെയിറ്റിംഗ് ഷെഡ് ഉടൻ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.പിക്കും, എം.എൽ.എക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്. നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് വ്യക്തമാക്കി.