തലശേരി മേഖലയിൽ നാലാം ദിവസവും ബസ് സമരം, വലഞ്ഞ് യാത്രക്കാർ
തലശേരി: പണിമുടക്ക് സമരം പിൻവലിക്കാൻ തീരുമാനമുണ്ടായിട്ടും തലശേരി മേഖലയിലെ ബസ് സമരം നാലാം ദിവസവും തുടർന്നത് യാത്രക്കാരെ വലച്ചു. ചുരുക്കം ചില സ്വകാര്യബസുകൾ മാത്രമാണ് സർവിസ് നടത്തിയത്.
വാട്സ്ആപ്പിലൂടെയാണ് തൊഴിലാളികളിൽ ചിലർ പണിമുടക്കാഹ്വാനം നടത്തിയത്. ഒരു യൂനിയനിലും അംഗമല്ലാത്ത ഏതാനും ചിലർ തൊഴിലാളികളുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും നടത്തിയ ഇടപെടലിന്റെയും സമ്മർദത്തെയും തുടർന്ന് മിക്ക റൂട്ടുകളിലും ശനിയാഴ്ച രാവിലെ സ്വകാര്യ ബസുകൾ ഓടിയില്ല. ബസ് സർവിസ് പുനരാരംഭിക്കാനുള്ള തീരുമാനം അട്ടിമറിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസും മോട്ടോർ വാഹനവകുപ്പും.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട്, തലശേരി തൊട്ടിൽപ്പാലം റൂട്ടിലോടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ വിഷ്ണുവിനെ ജോലിക്കിടയിൽ പെരിങ്ങത്തൂരിൽ വച്ച് ഒരുസംഘം ആക്രമിച്ചതിന തുടർന്നാണ് തൊഴിലാളികൾ ബുധനാഴ്ച രാവിലെ മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇതിനിടെ അക്രമക്കേസിൽ ഏഴുപേരെ പ്രതി ചേർത്ത് അന്വേഷണം തുടങ്ങിയ പൊലീസ് പ്രതികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഇപ്പോൾ ജയിലിലാണുള്ളത്.
സമരം പിൻവലിക്കാൻ വ്യാഴാഴ്ച ചൊക്ലി പൊലീസ് വിളിച്ചുകൂട്ടിയ യോഗത്തിൽ ധാരണയായിരുന്നു. എന്നാൽ, ഒരു കൂട്ടം തൊഴിലാളികൾ വഴങ്ങിയില്ല. സമരം തുടരാൻ ഇവർ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതേതുടർന്ന് പിന്നെയും സമരം തുടർന്നു. ബസ് കണ്ടക്ടറെ ആക്രമിച്ച സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ സമരം തുടരാനായിരുന്നു തൊഴിലാളികളുടെ ആഹ്വാനം. തലശേരി എ.എസ്.പി ഓഫിസിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിന് ശേഷവും തൊഴിലാളികളുടെ പേരിൽ ഒരു കൂട്ടർ ഇതേ പ്രചരണം നടത്തി. എന്നാൽ ഇത് ശരിയല്ലെന്നും മുഴുവൻ റൂട്ടുകളിലും ബസ് സർവിസ് നടത്തണമെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടിട്ടും ഏതാനും തൊഴിലാളികൾ തയ്യാറായില്ല.
നാട്ടുകാരിൽ വ്യാപക പ്രതിഷേധം ചില തൊഴിലാളികളുടെ ധിക്കാരപരമായ നിലപാടിനെതിരേ നാട്ടുകാരിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സമരം പിൻവലിച്ചതായുള്ള വാർത്തകൾ മാദ്ധ്യമങ്ങൾ വഴി അറിഞ്ഞതോടെ ശനിയാഴ്ച രാവിലെ പതിവു പോലെ റോഡിലിറങ്ങിയവർ ബസ്സുകൾ ലഭിക്കാത്തതിനെ തുടർന്ന് തിരികെ പോകുകയായിരുന്നു. ചിലർ സമാന്തര സർവിസുകളെ ആശ്രയിച്ച് ലക്ഷ്യസ്ഥലത്തെത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് സമാന്തര സർവിസ് നടത്തിയത്. ശനിയാഴ്ച സർവിസ് നടത്താത്ത ബസുകളെ അടുത്തദിവസം തടയുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് സർവിസ് നടത്താൻ തയാറാകാത്ത ബസ്സുകൾക്കെതിരേ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കണ്ടക്ടറെ ആക്രമിച്ച സംഭവത്തെ തുടർന്ന് ആരംഭിച്ച ബസ് സമരം എത്രയും വേഗം തീർക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കളക്ടറോടും കമ്മിഷണറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സമരംതീരാത്തപക്ഷം പ്രശ്ന പരിഹാരത്തിനുള്ള ബദൽ മാർഗങ്ങൾ ആലോചിക്കും. അക്രമം നടത്തിയവരെ മുഴുവൻഎത്രയും പെട്ടെന്ന് പിടികൂടാൻ പൊലീസ് തയാറാകണം
ഷാഫിപറമ്പിൽ എം.പി.
അരാജക സമരങ്ങളോട് യോജിപ്പില്ല:
മോട്ടോർ തൊഴിലാളി യൂനിയൻ
തലശേരി: ബസ് തൊഴിലാളികളെന്ന് അവകാശപ്പെട്ട് ചിലർ നടത്തുന്ന മിന്നൽ സമരങ്ങളോട് യോജിക്കാനാവില്ലെന്ന് മോട്ടോർ തൊഴിലാളി യൂനിയൻ ജില്ലാ പ്രസിഡന്റ് കാരായി രാജൻ അറിയിച്ചു. കണ്ടക്ടറെ മർദ്ദിച്ചതിനെതിരെ അതിശക്തമായ പ്രതികരണമാണ് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയത്. ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. രണ്ട് ദിവസത്തിനകം മറ്റു പ്രതികളെയും പിടിക്കുമെന്ന് ചൊക്ലി പൊലീസ് ഉറപ്പു നൽകി. ഈ സാഹചര്യത്തിൽ സമരം പിൻവലിക്കാൻ ധാരണയായിരുന്നെങ്കിലും, ചിലർ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വീണ്ടും സമരാഹ്വാനം നടത്തുകയാണ്. ഇത്തരം അരാജകസമരങ്ങളെ നേരിടാൻ പൊലീസും പൊതുസമൂഹവും തയാറാകണമെന്ന് കാരായി രാജൻ ആവശ്യപ്പെട്ടു.
ബസ് സമരത്തെ തുടർന്ന് തലശേരി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകൾ. സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങളും കാണാം.