പച്ചക്കറി വിലയും ഇങ്ങനെ കുതിച്ചാലോ

Sunday 03 August 2025 1:14 AM IST

കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിലും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും 10 -15 രൂപയാണ് വർദ്ധിച്ചത്. മത്സ്യം, ബീഫ്, കോഴി എന്നിവയുടെ വിലയിലും വൻ വർദ്ധനയാണ്. മിക്ക ഇനങ്ങളുടെയും വില 60 ന് മുകളിലാണ്. നാടൻ പയറും, പടവലവും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. പ്രാദേശിക വിപണിയിൽ നിന്നാണ് ഇവ കൂടുതൽ എത്തിയിരുന്നത്. കമ്പം, കോയമ്പത്തൂർ, മേട്ടുപ്പാളയം, ഊട്ടി മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ കൂടുതലായും എത്തുന്നത്. നിരവധി കർഷക സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും സാധിക്കുന്നില്ല. ചെറുകിട കർഷകർക്കായി വിപണിസംവിധാനം ഒരുക്കണമെന്നാവശ്യം.

കാലാവസ്ഥ വില്ലനായി, ഉത്പാദനം കുറഞ്ഞു

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഇവിടങ്ങളിൽ പെയ്ത കനത്തമഴയിൽ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. പച്ചക്കറിവരവ് കുറഞ്ഞതോടെ ഭൂരിഭാഗം ഇനങ്ങൾക്കും വില ഇരട്ടിയായി. തോരാ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിലെ പച്ചക്കറി കൃഷിയും വെള്ളത്തിലായി. വൻനാശമാണ് കർഷകർക്കുണ്ടായത്. ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥ പച്ചക്കറി കൃഷിക്ക് അനിവാര്യമാണ്. എന്നാൽ, ഇത്തവണ മഴ തുടങ്ങിയശേഷം ചെറിയ ഇടവേളയിൽ വെയിൽ കിട്ടിയില്ല.

കൂർക്ക @ 130 ബീൻസ് , പയർ : 60, സവാള : 25, പടവലം : 60, ക്യാരറ്റ് : 80, മുളക് : 90, ഇഞ്ചി : 90, ബീറ്റ്‌റൂട്ട് : 60, കത്രിക്ക : 60, തക്കാളി : 60, വെണ്ടയ്ക്ക : 60, നാരങ്ങ : 60, കോവയ്ക്ക : 68, ഏത്തയ്ക്ക : 60, വെളുത്തുള്ളി : 160, ഇഞ്ചി : 100, തേങ്ങ : 90.

''അന്യസംസ്ഥാനങ്ങളിലുണ്ടായ മഴയെ തുടർന്നാണ് വിലക്കയറ്റം. ഓണമാകുമ്പോഴേയ്ക്കും വില കുറയാനാണ് സാദ്ധ്യത. (ബിനോയ്, പച്ചക്കറി വ്യാപാരി)