ട്രെയിനിനുള്ളില്‍ യൂണിഫോമണിഞ്ഞ് 'എസ്‌ഐ'യുടെയാത്ര; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

Saturday 02 August 2025 9:41 PM IST

ആലപ്പുഴ: ട്രെയിനില്‍ സബ് ഇന്‍സ്‌പെക്ടറുടെ യൂണിഫോം അണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഖിലേഷ് (30) ആണ് അറസ്റ്റിലായത്. റെയില്‍വേ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈ - ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് സംഭവം. കായംകുളം സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്ന റെയില്‍വേ പൊലീസിന് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്.

എസ്‌ഐയുടെ യൂണിഫോമും തൊപ്പിയും തോളിലെ നക്ഷത്രവും കണ്ടപ്പോള്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ അഖിലേഷിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാല്‍ തിരികെ അഖിലേഷ് നല്‍കിയ സല്യൂട്ടിലെ അപാകത കണ്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു സംഘം. തൃശൂര്‍ ഇരങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആണെന്നും അവിടേക്ക് പോകുകയാണെന്നുമാണ് ഇയാള്‍ പറഞ്ഞത്.

ഉടനെ അവിടെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോള്‍ അഖിലേഷ് താന്‍ എസ്‌ഐ അല്ലെന്ന കാര്യം സമ്മതിച്ചു. ഒരു പിഎസ്‌സി പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോകുകയാണെന്നും വെളിപ്പെടുത്തി. തനിക്ക് പൊലീസില്‍ ചേരാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകന്‍ കൂടിയായ താന്‍ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് സമ്മതിച്ചു.

താന്‍ വീടിനുള്ളില്‍ എസ്‌ഐ വേഷത്തില്‍ നില്‍ക്കാറുണ്ടെന്നും ആദ്യമായിട്ടാണ് പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നല്‍കി. . പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.