കേക്കും പോയി,​ വോട്ടും പോയി; ഇനിയും കരയാം,​ കൊതിതീരെ

Sunday 03 August 2025 3:47 AM IST

'ഓന്ത് ഓടിയാൽ വേലിയോളം" എന്ന മദ്ധ്യതിരുവിതാംകൂർ പഴഞ്ചൊല്ലും ബി.ജെ.പിയും തമ്മിൽ ബന്ധമില്ലെങ്കിലും കേരളത്തിലെ ബി.ജെ.പി (കെ.ജെ.പി) നേതാക്കളുമായി എന്തോ സാമ്യമില്ലേയെന്ന് അണികളിൽ ബഹുഭൂരിപക്ഷത്തിനും തോന്നിത്തുടങ്ങി. ഇടയ്ക്കിടെ നിറം മാറി ഓടിയിട്ടും വേലി പോയിട്ടൊരു മരക്കുറ്റിപോലും കാണാതെ വിഷമിച്ചിരിക്കുകയാണ് കെ.ജെ.പിക്കാർ. വേലിയല്ല വൻമതിലെന്നും കാവിക്കളസമല്ല, റബർപാലിന്റെ നൈർമ്മല്യമുള്ള വെള്ളക്കുപ്പായമെന്നും മനസിലാക്കാതെയാണ് കുറിയും താടിയുമുള്ള 'ടെക്കി" നേതാക്കളുടെയടക്കം കൂട്ടയോട്ടം. മൈദയുടെ പശിമയുള്ള വൻമതിലിൽ അങ്ങനെയങ്ങ് ഓടിക്കയറാനാവില്ല. കാലുകൾ ഒട്ടി പടമാകും. അണികളിൽ ചിലർ ഈ നേതാക്കളെ 'ഓന്തന്മാർ" എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. ഓന്തിനുമുണ്ടൊരു അന്തസ്. അങ്ങനെയൊരു പ്രയോഗം മലയാളത്തിലില്ലതാനും. മണ്ണിലിറങ്ങിയ മാലാഖമാരെ തിരിച്ചറിയാത്തവരാണ് പരബ്രഹ്മത്തെക്കുറിച്ച് ക്ലാസെടുക്കുന്നത്. ഛത്തീസ്ഗഡിലെ പട്ടിണിപ്പാവങ്ങളായ ഏതാനും പെൺകുട്ടികൾക്ക് നല്ല ഉടുപ്പും വയറുനിറയെ ഭക്ഷണവും വാങ്ങിക്കൊടുത്ത് ഉന്നതവിദ്യാഭ്യാസം നൽകാൻ കൊണ്ടുവരുന്നതിനിടെ രണ്ടു കന്യാസ്ത്രീ അമ്മമാരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതിനെതിരെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഗർജിച്ചപ്പോൾ കെ.ജെ.പി നേതാക്കൾ നിലവിളി ശബ്ദത്തോടെ ഓടിനടക്കുകയായിരുന്നു. 'കൈക്കാരുടെയും' സഖാക്കളുടെയും ഐക്യമുന്നണിയുടെ ശ്രമങ്ങൾക്കു ഫലമുണ്ടായി. അമ്മമാർ പുറത്തിറങ്ങി. സത്യത്തിന് സ്‌തോത്രം!. പശുക്കളിൽനിന്ന് കന്യാസ്ത്രീകളിലേക്കുള്ള ദൂരം ഒരുപാടുണ്ടെന്ന സത്യം തിരിച്ചറിയാൻ ബജ്‌റംഗ്‌ദളുകാർ ഇനിയും ഒരുപാട് ജനിക്കേണ്ടിവരും. പശുക്കളെ കടത്തുന്നതും പെൺകുട്ടികളെ കൊണ്ടുവരുന്നതും ഒരുപോലെയാണെന്ന് ഇവർ തെറ്റിദ്ധരിച്ചതാണ് ഇതിനെല്ലാം കാരണം. നല്ല രീതിയിൽ വളർന്നുവരുമായിരുന്ന കുറേ പെൺകുട്ടികളുടെ ഭാവി തുലച്ചു. ഇതിനും മുൻപും അമ്മമാർ ഒരുപാട് പെൺമക്കളെ കേരളത്തിൽ കൊണ്ടുവന്നിട്ടുണ്ട്. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ആദിവാസി പെൺകുട്ടികളെ ഇടതുകൈകൊണ്ട് ചേർത്തുനിറുത്തി വലതുകൈ കൊണ്ട്, വീഞ്ഞിൽ മുക്കിയ റൊട്ടി നൽകി ദൈവമാർഗത്തിലേക്കു കൂട്ടിക്കൊണ്ടു വരികയാണ് ചെയ്തത്. സിറിയയിലല്ല, മതേതര കേരളത്തിലാണ് എത്തിച്ചത്. മദ്ധ്യതിരുവിതാംകൂറിലെ പല വീടുകളിലും ഈ മക്കൾ സുഖമായി പണിയെടുത്തു കഴിയുന്നു. പോത്തിറച്ചി-ഏത്തയ്ക്ക പെരട്ടുകറിയും പോർക്ക്-കൂർക്ക കറിയുമെല്ലാം സൊയമ്പനായി വയ്ക്കാൻ മാത്രമല്ല, വേണ്ടിവന്നാൽ റബറുവെട്ടാനും അറിയാം. ഇവർക്ക് യോഗമുണ്ടെങ്കിൽ ഇറ്റലിയിലും അമേരിക്കയിലുമൊക്കെയെത്താം. ഈ കുട്ടികളെ എങ്ങനെ കൊണ്ടുവന്നു, ഇപ്പോഴെങ്ങനെ ജീവിക്കുന്നു, നേരത്തേ വന്നവർ എവിടെയെക്കെ എത്തി എന്നൊക്കെ അന്വേഷിച്ചറിഞ്ഞാൽ അമ്മമാരുടെ നന്മ ബോദ്ധ്യമാകും. സംശയമുള്ളവർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെടുകയാണ് വേണ്ടത്. അല്ലാതെ സന്മനസുള്ളവരുടെ സമാധാനം കെടുത്തരുത്.

കേന്ദ്രത്തിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ടവരാണ് സഭയും പട്ടക്കാരുമെന്ന് പരിവാറുകാർ മറക്കരുത്. ഇറ്റലിക്കാരിയായ സോണിയാമ്മയുടെ പാർട്ടിയെ പോലും തള്ളിയാണ് ഈ സ്നേഹം കാണിച്ചത്.

കളി കേരളത്തോട് വേണ്ട!

എന്തായാലും, സഖാക്കളും കോൺഗ്രസുകാരും ശക്തമായ ഇടപെടൽ നടത്തിയതിനെ തുടർന്ന് അമ്മമാർ മോചിതരായതിൽ മതനിരപേക്ഷ കേരളത്തിന് വലിയ സന്തോഷമുണ്ട്. ഇടതുപക്ഷത്തെ മിസൈൽമാൻ ആയ എ.എ. റഹീം സഖാവിന്റെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡ് സന്ദർശിച്ച് സമരതന്ത്രങ്ങൾക്കു നേതൃത്വം നൽകുകയായിരുന്നു. ഡി.ജി.പി ഉൾപ്പെടെയുള്ള പൊലീസ് സംഘം തോക്കുകളും കുറുവടികളുമായി അണിനിരന്നെങ്കിലും റഹിം സഖാവ് ഇംഗ്ലീഷിലും ഹിന്ദിയിലും ശക്തമായ താക്കീതു നൽകിയതോടെ പിൻവാങ്ങി. ജാമ്യം നൽകിയില്ലെങ്കിൽ കേരളത്തിൽ ഹർത്താൽ നടത്തുമെന്ന് സഖാക്കൾ പ്രഖ്യാപിച്ചതോടെ ഛത്തീസ്ഗഡ് മുഖ്യൻ വിഷ്ണുദേവ് സായി വിരണ്ടുപോയി. ഇതൊരു സൂചന മാത്രമാണെന്നും, ഫലിച്ചില്ലെങ്കിൽ ഛത്തീസ്ഗഡിലേക്ക് റെഡ് വോളന്റിയർമാർ മാർച്ച് നടത്തുമെന്നും പാർട്ടി സെക്രട്ടറി ഗോവിന്ദൻമാഷ് തൊട്ടുപിന്നാലെ പറഞ്ഞതോടെ കാര്യങ്ങൾ വെടിപ്പായി. ഛത്തീസ് മുഖ്യൻ ഡൽഹിയിലേക്കോടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ജിയുടെ കാല് പിടിച്ചെങ്കിലും ബ്ലഡി ഫൂൾ എന്നു വിളിച്ച് മൂപ്പര് പൊട്ടിത്തെറിച്ചെന്നാണ് റിപ്പോർട്ട്. വൃത്തികേട് കാണിച്ചിട്ട് മോങ്ങുന്നോയെന്ന് അദ്ദേഹം ചോദിച്ചത് കേട്ടെന്നാണ് മുറിയുടെ പുറത്തു ചെവി വട്ടംപിടിച്ചുനിന്ന കെ.ജെ.പി നേതാക്കൾ പറയുന്നത്.

എന്നാലും സംഘികളേ.... കേരളത്തിൽനിന്ന് ഒരുലോഡ് സംഘികളെ പാർലമെന്റിൽ എത്തിക്കാമെന്ന് ഉറപ്പുനൽകിയിരുന്ന തലശേരിയിലെ പരിശുദ്ധ പിതാവ് മാർ പാംപ്ലാനിയടക്കം ഈ നെറികേടിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. കേക്ക് തരാനോ ചായകുടിക്കാനോ ഒരുത്തനും ഇങ്ങോട്ട് വരേണ്ടെന്ന് വേറെ ചില പിതാക്കന്മാരും പ്രഖ്യാപിച്ചിട്ടുണ്ട്. അമ്മമാർക്ക് ജാമ്യം കിട്ടിയതുകൊണ്ട് പ്രശ്‌നം തീരില്ലെന്നു ചുരുക്കം. റബർ കിലോയ്ക്ക് 300 രൂപയാക്കിയാൽ സഭാമക്കളുടെ വോട്ട് മൊത്തമായി തന്നേക്കാമെന്നു പറഞ്ഞ ഏക പിതാവാണ് പാംപ്ലാനി. ആ മനസാണ് സംഘികൾ വേദനിപ്പിച്ചത്. സഭാപിതാക്കന്മാരുടെ ഒരുപാട് കാർഷിക പദ്ധതികൾ അട്ടിമറിച്ചെങ്കിലും അതൊക്കെ ക്ഷമിച്ച് ഒന്നിഷ്ടപ്പെട്ടുവരികയായിരുന്നു. രാഹുൽമോൻ പ്രധാനമന്ത്രിയാകുംവരെ കാത്തിരിക്കുന്നത് സാഹസമാണ്. വിദേശരാജ്യങ്ങളിലെ പാവപ്പെട്ട കർഷകർ അയച്ചുതന്നിരുന്ന ചെറിയ സംഭാവനകൾ ഉപയോഗിച്ച് മലകളിൽ നല്ലരീതിയിൽ ചെയ്തിരുന്ന കൃഷി അട്ടിമറിച്ച ഭീകരൻമാരാണ്. തരിശുമലകൾ തളിർക്കുകയും പൂവിടുകയും ചെയ്തപ്പോഴാണ് പരിശുദ്ധമായ സകല ഇടപാടുകൾക്കും കേന്ദ്രത്തിന്റെ ലോക്ക് വീണത്. അതോടെ കൃഷി വൻനഷ്ടത്തിലായി. ഈ അവസ്ഥമാറ്റി, കർഷികമേഖലയിൽ അഭിവൃദ്ധിയുണ്ടാകാൻ നല്ല വളവും കാശും വേണമെന്നു പാംപ്ലാനി പിതാവ് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. വെള്ളക്കാരെ നമ്പിയാലും കാവിക്കാരെ നമ്പരുതെന്ന് സഹമെത്രാന്മാർ ഓർമ്മിപ്പിച്ചെങ്കിലും കേട്ടില്ല. മൂപ്പർക്ക് ഇപ്പോൾ കാര്യങ്ങൾ ബോദ്ധ്യമായി.

ആ ചുവപ്പല്ല

ഈ ചുവപ്പ്

ബലിദാനികളുടെ ചോരയ്ക്കും അരമനകളിലെ വീഞ്ഞിനും ഒരേ നിറമാണെന്നു വ്യാഖ്യാനിച്ച കെ.ജെ.പി നേതാക്കൾക്ക് തെറ്റിയെന്ന് അണികൾ പറഞ്ഞുതുടങ്ങി. കേക്കും കിരീടവും നൽകി വോട്ടുവാങ്ങാമെന്നു കരുതരുതെന്ന പരസ്യപ്രതികരണങ്ങൾ വന്നുകഴിഞ്ഞു. ഗൾഫിൽ സഭാമക്കളുടെ വിരുന്നുണ്ണാൻ വരുന്ന ചില പിതാക്കന്മാരുടെ നന്മനിറഞ്ഞ അനുഗ്രഹപ്രഭാഷണങ്ങൾക്ക് ഒരിക്കലും കേക്കിന്റെ മധുരമുണ്ടായിരുന്നില്ലെന്ന് വാട്‌സാപ് ക്ലിപ്പുകൾ നിരത്തി പ്രവാസി സംഘികൾ പറയുന്നു. ഇക്കൂട്ടരെ അതിഥികളാക്കി സ്വന്തം സ്ഥാപനത്തെ ഉൾപ്പെടെ അതിനായി ഉപയോഗിച്ച് രാജയോഗം അനുഭവിച്ചവരുമുണ്ട്. നഴ്സ് മാലാഖമാർ വേദനിക്കുമ്പോൾ പൊട്ടിക്കരയുകയും ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെടുമ്പോൾ ആഘോഷമാക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ മതനിരപേക്ഷത.

വിശുദ്ധ സത്യം

പരിശുദ്ധ അമ്മമാരെ വിശുദ്ധ പിതാക്കൻമാർ ലാളിച്ചതുമായി ബന്ധപ്പെട്ട കേസിൽ സഭകളുടെയും സഭാമക്കളുടെയും നിലപാടുകൾ വിപ്ലവകേരളം മറന്നോ എന്നറിയില്ല